Breaking News

ബളാലിലെ കുടുംബശ്രീ പ്രവർത്തകർക്ക് അവസരം നൽകി സിനിമാ ഓഡിഷൻ സമാപിച്ചു 'ന്നാ താൻ കേസ് കൊട്' ടീം അണിയിച്ചൊരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ ബളാൽ പരിസരമാണ്


വെള്ളരിക്കുണ്ട്: മലയോരത്ത് ആദ്യമായി സിനിമാ ചിത്രീകരണം നടക്കാൻ പോകുന്നതിൻ്റെ ആകാംഷയിലാണ് നാട്ടുകാർ. ബളാൽ പ്രധാന ലൊക്കേഷനായി  ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അണിയിച്ചൊരുക്കുന്നത് സൂപ്പഹിറ്റായി മാറിയ 'ന്നാ താൻ കേസ് കൊട്' സിനിമയുടെ പിന്നണി പ്രവർത്തകരാണ്. സുരാജ് വെഞ്ഞാറംമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ സംവിധാനം കാസർകോട് ജില്ലക്കാരനായ സുധീഷ് ഗോപിനാഥാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് തുടങ്ങിയ ജനപ്രിയ സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച് പരിചയമുള്ള സുധീഷ് ഗോപിനാഥ് സ്വതന്ത്ര സംവിധായകനാകുന്ന പുതിയ ചിത്രത്തിനായി ഒട്ടേറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 'ന്നാ താൻ കേസ് കൊട്' സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിൻ്റേതാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ. നാട്ടുകാരായ ഒട്ടേറെ പുതുമുഖങ്ങൾക്ക് ഈ ചിത്രത്തിൽ അവസരം നൽകുന്നുണ്ട്. ഇതിനായി 3 ദിവസം കാഞ്ഞങ്ങാട് ഓഡിഷൻ നടത്തിയിരുന്നു. ബളാൽ പരിസര പ്രദേശങ്ങളിലെ കുടുംബശ്രീ പ്രവർത്തകർക്ക് സിനിമയിൽ അവസരം നൽകുന്നതിനായി ഞായറാഴ്ച്ച ബളാൽ ഹൈസ്ക്കുളിൽ വച്ച് നടത്തിയ ഓഡിഷനിൽ പ്രതീക്ഷിച്ചതിലും കൂടുതൽ പങ്കാളിത്തമുണ്ടായി. ഡയറക്ഷൻ ടീമിലെ ഗോകുൽനാഥ്, പ്രമോദ് ശിവൻ, രാകേഷ് ഉഷാർ തുടങ്ങിയവരാണ് ഓഡിഷൻ നിയന്ത്രിച്ചത്.
വാർഡ് മെമ്പർ സന്ധ്യാ ശിവൻ, ചലച്ചിത്ര പ്രവർത്തകൻ രാജേഷ് അഴീക്കോടൻ, ചന്ദ്രു വെള്ളരിക്കുണ്ട് എന്നിവർ കോഡിനേറ്റ് ചെയ്തു.

അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷഹനാദ് ജലാൽ. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാക്കളായ ജ്യോതിഷ് ശങ്കർ കലാസംവിധാനവും മെൽവി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ മാനേജർ ലിബിൻ, എൽദോസ്. അസോസിയേറ്റ് ഡയറക്ടർ അഭിലാഷ്. 




No comments