Breaking News

മഞ്ചേശ്വരം ആർടിഒ ചെക്ക്പോസ്റ്റിൽ വിജിലൻസ് പരിശോധന കണക്കിൽപ്പെടാതെ പണം കണ്ടെത്തി


കാസർകോട് : മഞ്ചേശ്വരം ആർടിഒ ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. ചെക്ക്‌പോസ്‌റ്റിൽനിന്ന്‌ 2000 രൂപയും ഏജന്റിന്റെ കൈയിൽനിന്ന്‌ 3000 രൂപയുമാണ്‌ അനധികൃതമായി കണ്ടെത്തിയത്‌. ചെക്ക്പോസ്റ്റിലൂടെ പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽനിന്നും സർക്കാരിലേക്ക് അടയ്‌ക്കേണ്ട വിവിധ ഫീസുകളിൽ കുറവ് വരുത്തുന്നുവെന്ന ആക്ഷേപത്തെ തുടർന്ന്‌ ശനി രാത്രിയായിരുന്നു പരിശോധന. ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്ന വാഹനങ്ങളെ പരിശോധനയില്ലാതെ കടത്തിവിടുന്നതായും വ്യക്തമായി.
ഡ്രൈവർമാരിൽനിന്നും വാങ്ങുന്ന കൈക്കൂലി പണം ഇടയ്‌ക്കിടെ ഏജന്റുമാർ മുഖേന അവിടെനിന്നും മാറ്റുകയാണ്. ഇത്തരത്തിൽ മാറ്റുന്നതിനിടെയാണ്‌ ഏജന്റിൽനിന്നും 3000 രൂപ പിടിച്ചത്‌. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന്‌ പരിശോധനക്ക് നേതൃത്വം നൽകിയ വിജിലൻസ് ഡിവൈഎസ്‌പി കെ വി വേണുഗോപാൽ പറഞ്ഞു. വിജിലൻസ് സംഘത്തിൽ എഎസ്ഐ വി ടി സുഭാഷ്ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി കെ രഞ്ജിത്കുമാർ, വി രാജീവൻ, ഡെയ്‌റി ഡവലപ്മെന്റ് ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ സി ജോൺ ജോൺസൺ എന്നിവരുമുണ്ടായി.



No comments