Breaking News

കാസർകോട് പ്ലസ് വൺ വിദ്യാർത്ഥികളെ റാഗ് ചെയ്തതായി പരാതി; റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി


കാസര്‍കോട്: ജില്ലയിലെ രണ്ട് സ്‌കൂളുകളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതായി പരാതി. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുമ്പള അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിലുമാണ് റാഗിങ് നടന്നത്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുനിര്‍ത്തി റാഗ് ചെയ്തത്. ബസ് സ്റ്റോപ്പില്‍ വെച്ച് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. സാങ്കല്‍പ്പികമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നതും ഇത് വിസമ്മതിച്ചതോടെ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിലും സമാന രീതിയിലായിരുന്നു റാഗിങ്ങെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കുമ്പള, കാസര്‍ഗോഡ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്‌കൂൡ സമാന സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുള്ളതായി പരാതിയുണ്ട്.

No comments