Breaking News

കോച്ചിംഗ് ഇല്ലാതെ വീട്ടിലിരുന്ന് പഠിച്ച് പി എസ് സി നേടി പറക്കളായി മുളവന്നൂരിലെ ചന്ദ്രന്റെയും രമണിയുടെയും രണ്ട്‌ മക്കളും ഇനി അധ്യാപികമാർ


അമ്പലത്തറ : കഠിനാധ്വാനത്തിലൂടെ നേടിയ വിജയം, സഹോദരിമാർ ഓരേദിവസം സർക്കാർ സർവീസിൽ പ്രവേശിച്ചു. പറക്കളായി മുളവന്നൂരിലെ ചന്ദ്രന്റെയും രമണിയുടെയും മക്കളായ രമ്യ രാജീവനും അനുജത്തി രേവതി രാജേഷുമാണ്‌ ഒരേദിവസം അധ്യാപികമാരായത്‌.

രമ്യ മംഗൽപാടി ഗവ. യുപി സ്‌കൂളിലും രേവതി മുളിഞ്ച ഗവ. എൽപി സ്‌കൂളിലുമാണ് ചൊവ്വാഴ്‌ച ജോലിയിൽ പ്രവേശിച്ചത്. ഒരേ ദിവസമാണ് രണ്ടുപേരും ജോലിയിൽ പ്രവേശിച്ചതെങ്കിലും വർഷങ്ങൾക്ക് മുമ്പ് നൽകിയ വാക്ക് ചേച്ചി തെറ്റിച്ചില്ല. അനിയത്തിക്ക് മുമ്പ് സർക്കാർ ജോലിയിൽ കയറുമെന്ന ചെറുപ്പത്തിൽ വീട്ടുകാർക്ക് കൊടുത്ത വാക്ക് പാലിക്കാൻ ഒരുമണിക്കൂർ മുമ്പ് രമ്യ ജോലിക്ക് കയറി. പിന്നീടാണ്‌ രേവതി ജോലിയിൽ പ്രവേശിച്ചത്‌.

രമ്യ പറക്കളായി എച്ചിക്കാനത്തും രേവതി ചെറുപുഴ പാടിയോട്ടുചാലിലും ഭർത്താവിന്റെ വീട്ടിലാണ് താമസം. രണ്ടുപേരും പിഎസ്‌സി കോച്ചിങ്ങിന് പോകാതെ കോവിഡ് കാലത്ത് വീട്ടിലിരുന്നാണ്‌ പഠിച്ചത്‌. 
സർക്കാരിനോട് ഒരുപാട് നന്ദിയുണ്ടെന്ന് ഇരുവരും പറയുന്നു. ജില്ലയിൽ ഒഴിവുവരുന്ന തസ്‌തികയിൽ യുദ്ധകാലടിസ്ഥാനത്തിലാണ് നിയമനം. 230 പേരാണ് എൽപി വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മെമ്മോ ലഭിച്ച മുഴുവൻ ഉദ്യോഗാർഥികളും ജോലിയിൽ പ്രവേശിച്ചു.

No comments