Breaking News

വെസ്റ്റ്എളേരി ഓട്ടപ്പടവിൽ റോഡിൻ്റെ പാർശ്വഭിത്തി നിർമ്മാണം പാതിവഴിയിൽ വീട്ടിലേക്കെത്താൻ ഏണിയിൽ ഞാണിന്മേൽ കളി


കുന്നുംകൈ: റോഡിന്റെ പാർശ്വഭിത്തി നിർമാണം പാതിവഴിയിൽ നിർത്തിയതോടെ രണ്ടു കുടുംബങ്ങളുടെ വഴിമുട്ടി.

ചെറുവത്തൂർ ചീമേനി നല്ലോംപുഴ റോഡിലെ വെസ്റ്റ്എളേരി പെരുമ്പട്ട ഓട്ടപ്പടവിലെ അഞ്ചില്ലത്ത് ഹംസയുടേയും സമീപത്തുതന്നെയുള്ള ഇദ്ദേഹത്തിന്റെ മാതാവ് ആയിഷയുടേയും വീടുകളിലേക്കുള്ള യാത്രയാണ് ദുരിതത്തിലായത്. റോഡരികിൽ ഓവുചാലും പാർശ്വഭിത്തിയും നിർമിച്ചു  തുടങ്ങിയപ്പോഴാണ് ഉയരത്തിലുള്ള ഇവരുടെ വീടുകളിലേയ്ക്കുള്ള വഴികളും അടഞ്ഞത്. ഒരുവശത്ത് പാർശ്വഭിത്തി നിർമിച്ചപ്പോൾ വിട്ടിലേയ്ക്കുള്ള വഴിയിൽ നിർമാണം നടത്തിയിട്ടില്ല. മഴ ശക്തമായതോടെ ഓടയിലും വെള്ളക്കെട്ട് നിൽക്കുകയാണ്. 

റോഡിൽ നിന്നും വീട്ടിലേയ്ക്കു പോകണമെങ്കിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഈ കുടുംബങ്ങൾക്കു ചുറ്റി സഞ്ചരിക്കണം. റോഡിലേക്ക് എളുപ്പത്തിൽ ഇറങ്ങാനും കയറാനും വീട്ടുകാർ ഇവിടെ ഏണി ചാരി വച്ചിരിക്കുകയാണ്, ഈ ഏണിയിൽ വലിഞ്ഞു കേറി വേണം ഇവർക്ക് വീട്ടിലെത്താൻ. ചെറിയ കുട്ടികൾ ഇതുവഴി കയറുമ്പോൾ  ഏണിയിൽ നിന്ന് വീണ് അപകടം സംഭവിച്ചിട്ടുണ്ടെന്ന് ഗൃഹനാഥനായ ഹംസ പറഞ്ഞു

പാർശ്വഭിത്തി നിർമ്മാണത്തിൻ്റെ ഭാഗമായി ഓവുചാലുകൾ മൂടിയതിനാൽ എതിർവശത്ത് ജനവാസ കേന്ദ്രത്തിലേക്ക് വെള്ളം കുത്തിയൊലിച്ച് പോകുന്ന അവസ്ഥയാണെന്നും റോഡ് നിർമ്മാണത്തിൻ്റെ പേരിൽ സ്ത്രീകളേയും കുട്ടികളേയും ദുരിതത്തിലാക്കുന്ന ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്നും വെസ്റ്റ്എളേരി പഞ്ചായത്തംഗം എം.വി ലജിന പറഞ്ഞു.

പ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നിർമ്മാണ പ്രവർത്തിയിലെ അലംഭാവം അവസാനിപ്പിച്ചില്ലെങ്കിൽ മുഴുവൻ പ്രവർത്തിയും തടയാനാണ് ജനകീയ തീരുമാനമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജൻ നായർ മുന്നറിയിപ്പ് നൽകി.

നിർമാണം എത്രയും പെട്ടെന്ന് പൂർത്തീകരിച്ചു തങ്ങളുടെ വീടുകളിലേയ്ക്കുള്ള വഴിസുഗമമാക്കിത്തരണമെന്നാണ് ഇവരുടെ ആവശ്യം.

No comments