Breaking News

ഒരു മണിക്ക് ടിക്കറ്റെടുത്തു; രണ്ട് മണിക്ക് ബാങ്കിന്റെ ജപ്തി നോട്ടീസ്; മൂന്നരയ്ക്ക് 70 ലക്ഷത്തിന്റെ ലോട്ടറിയടിച്ചു, അമ്പരന്ന് മീൻ വിൽപനക്കാരൻ


ശാസ്താംകോട്ട: ബാങ്ക് ജപ്തി നോട്ടീസ് കൈയില്‍ കിട്ടി എന്തു ചെയ്യുമെന്നറിയാതെയിരുന്ന മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിനെ തേടിയെത്തിയത് ഭാഗ്യ ദേവതയുടെ 70 ലക്ഷം. ഒരു മണിക്ക് കേരള അക്ഷയ ലോട്ടറി ടിക്കെറ്റെടുത്തു മടങ്ങിയ പൂക്കുഞ്ഞിന് ഇതിനു പിന്നാലെ രണ്ടു മണിക്ക് ജപ്തി നോട്ടീസ് ലഭിച്ചു. എന്തു ചെയ്യുമെന്നറിയാതെയിരുന്ന പൂക്കൂഞ്ഞിന് ബുധനാഴ് മൂന്നരയോടു കൂടിയാണ് ഭാഗ്യം എത്തിച്ചേര്‍ന്നത്. മീന്‍ വില്‍പ്പനക്കാരനായ പൂക്കൂഞ്ഞ് ബുധനാഴ്ചയും മീന്‍ ച്ചവടം കഴിഞ്ഞു വരുന്ന വഴിയിലാണ് പ്ലാമൂട്ടില്‍ ചന്തയില്‍ ചെറിയതട്ടില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന വയോധികന്റെ കൈയില്‍ നിന്ന് ലോട്ടറി ടിക്കറ്റ് എടുത്തത്. വീട്ടിലെത്തി അല്പം കഴിഞ്ഞപ്പോള്‍ കോര്‍പ്പറേഷന്‍ ബാങ്ക് കരുനാഗപ്പള്ളി കുറ്റി വട്ടം ശാഖയുടെ വായ്പ കുടിശ്ശിക നോട്ടീസെത്തി. വീടുവയ്ക്കുന്നതിനായി ബാങ്കില്‍ നിന്ന് ഏട്ടു വര്‍ഷം മുമ്പ് 7.45 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത് കുടിശ്ശികയായി ഒന്‍പതു ലക്ഷത്തിലെത്തി.

നോട്ടീസ് കൈയില്‍ കിട്ടി എന്തു ചെയ്യണമെന്നറിയാതെ കിടക്കുമ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ചെന്ന സഹോദരന്റെ വിളിയെത്തിയത്. ഇസഡ് 907042 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എന്നാല്‍ പൂക്കുഞ്ഞിന് ആദ്യം വിശ്വാസം വന്നില്ല. പിന്നീട് സത്യമാണെന്ന് മനസിലായതോടെ നേരെ പോയത് ഭാര്യ മുംതാസിന്റെ വീട്ടിലേക്ക്. കരുനാഗപ്പളളിയിലാണ് മുംതാസിന്റെ കുടുംബ വീട്. മറക്കനാവാത്ത ദിവസം സമ്മാനിച്ച ദൈവത്തിന് നന്ദി പറയുകയാണ് പുക്കുഞ്ഞ്. വിദ്യാര്‍ത്ഥികളായ മുനിര്‍, മുഹ്‌സിന എന്നിവരാണ് മക്കള്‍.

No comments