'ഭഗവൽ സിംഗിനെ കൊലപ്പെടുത്തി ഷാഫിക്കൊപ്പം നാടുവിടാൻ പദ്ധതിയിട്ടു'; പൊലീസിനോട് ലൈലയുടെ വെളിപ്പെടുത്തൽ
പത്തനംതിട്ട: ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയും മൂന്നാം പ്രതി ലെെലയും ചേർന്ന് ഭഗവൽ സിംഗിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ലെെലയാണ് ചോദ്യം ചെയ്യലിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. റോസ്‌ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവൽ സിംഗ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. അതിനാൽ പത്മത്തിന്റെ കൊലയ്ക്ക് ശേഷം ഭഗവൽ സിംഗ് ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തുമോ എന്ന ഭയമായിരുന്നു ഷാഫിക്കും ലെെലക്കും. തുടർന്ന് ഇരുവരും ചേർന്ന് ഭഗവൽ സിംഗിനെ കൊലപെടുത്താൻ പദ്ധതിയിട്ടു.
സ്വത്തുക്കൾ തട്ടിയെടുത്ത് ലെെലുമായി നാടുവിടാൻ ഷാഫി പദ്ധതിയിട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഇതിനിടയിലാണ്, പത്മവുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഷാഫിയിലേക്ക് എത്തിയത്. പിന്നാലെയാണ് നരബലിയുടെ നിർണായക വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. നരബലി കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മൂവരെയും ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. പ്രതികളെ രാവിലെ കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.
No comments