Breaking News

തരിശിടാതെ കാത്ത കർഷക മനസുകൾക്ക് നൂറ് മേനി വിളവ് ബളാൽ പാടശേഖരത്ത് ഇത്തവണയും കൊയ്ത്തുത്സവം നടന്നു..


വെള്ളരിക്കുണ്ട്: ബളാലിനെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഭഗവതീ ക്ഷേത്രസമീപത്തെ പച്ചപ്പട്ടണിഞ്ഞ പാടശേഖരമാണ്. ബളാലിൻ്റെ സൗന്ദര്യം തന്നെ ഈ വയലാണ്. വർഷങ്ങളായി ബളാലിനെ പച്ചപ്പണിയിക്കുന്ന ഈ ഞാറ്റ് കണ്ടത്തെ തരിശിടാതെ കാത്ത് നിർത്തുന്നത് ലാഭപ്രതീക്ഷയില്ലാത്ത പ്രദേശത്തെ കർഷക മനസുകളാണ്. ഒപ്പം പഞ്ചായത്തും കൃഷിഭവനും ക്ഷേത്ര ഭരണ സമിതിയും വലിയ പിന്തുണയുമായി കർഷകർക്കൊപ്പമുണ്ട്. പോയ കാലങ്ങളിൽ കാലാവസ്ഥയും കാട്ടുമൃഗങ്ങളും കൃഷിക്ക് ഭീഷണി ആയിരുന്നെങ്കിലും പ്രതിസന്ധികളെ അതിജീവിച്ച് വീണ്ടും വിത്തിറക്കാൻ കർഷക കൂട്ടായ്മ മുന്നോട്ട് വന്നത് കൃഷി നാടിൻ്റെ ആവശ്യം ആയതുകൊണ്ടാണ്. സ്ഥലം മാറി പോയ മുൻകൃഷി ഓഫീസർ ഡോ.അനിൽ സെബാസ്റ്റ്യൻ കിലോമീറ്ററുകൾ താണ്ടി ബളാലിലെ കൊയ്ത്തുത്സവത്തിന് സംബന്ധിക്കാൻ എത്തിയത് കർഷകരോടുള്ള ആത്മബന്ധം കൊണ്ട് മാത്രമാണ്. 

മൊത്തം ഏഴര ഏക്കർ പാടശേഖരത്ത് ശ്രേയസ്, ഉമ നെൽവിത്തുകളാണ് വിതച്ചത്. കർഷകരുടെ കഠിനാധ്വാനത്തിൽ ഇത്തവണ നൂറ് മേനി വിളവ് കൊയ്തു.

കൊയ്ത്തുത്സവത്തിൽ കൃഷി ഓഫീസർ രാജീവൻ, അസി. കൃഷി ഓഫീസർ രമേശൻ, മുൻ കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാന്മാരായ ടി.അബ്ദുൾ ഖാദർ, പത്മാവതി, പഞ്ചായത്ത് മെമ്പർമാരായ അജിത, സന്ധ്യാ ശിവൻ, ക്ഷേത്രം പ്രസിഡണ്ട് പി.കൃഷ്ണൻ, സെക്രട്ടറി ബാലകൃഷ്ണൻ മറ്റ് പാടശേഖര അംഗങ്ങൾ നാട്ടുകാർ എന്നിവർ സംബന്ധിച്ചു.

No comments