Breaking News

കടലാടിപ്പാറ വിളിക്കുന്നു.. മനം നിറയ്ക്കും അസ്തമയക്കാഴ്ച്ച കാണാൻ ബിരിക്കുളം കടലാടിപ്പാറയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണം


ബിരിക്കുളം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കൂടോൽ കടലാടിപ്പാറ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാകുന്നു. സായാഹ്‌നങ്ങളിൽ നിരവധി പേരാണ് സൂര്യാസ്തമയം ഉൾപ്പെടെയുള്ള കാഴ്ചകൾ കാണാനായി ഇവിടെയെത്തുന്നത്. നിരവധി അപൂർവയിനം പൂമ്പാറ്റകളുടേയും, ഓർക്കിഡുകളുടേയും സസ്യ, ജന്തുജാലങ്ങളുടേയും ആവാസകേന്ദ്രം കൂടിയാണ് കടലാടിപ്പാറ. സൂര്യാസ്തമയത്തിന്റെ മനോഹരമായ കാഴ്ച ഇവിടെ നിന്നും ദൃശ്യമാണ്. അതുകൊണ്ടുതന്നെ വൈകുന്നേരങ്ങളിലാണ് ഇവിടേക്ക് ആൾക്കാർ എത്തുന്നത്. ഖനന ഭീഷണി ഒഴിഞ്ഞതു മുതൽ തന്നെ കടലാടിപ്പാറയിൽ കുട്ടികളുടെ പാർക്ക് ഉൾപ്പെടെ നിർമിച്ച് ഇവിടെയെത്തുന്നവർക്ക് വിനോദത്തിനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇതിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തിയാൽ പഞ്ചായത്തിനും മുതൽക്കൂട്ടാകും. ജൈവ കലവറയാണ് കടലാടിപ്പാറ. ഇവിടെ നിന്നു നോക്കിയാൽ കടൽ കാണാൻ കഴിയുന്നതുകൊണ്ടാണ് ആ പേരു ലഭിച്ചത്. അതല്ല പണ്ടു കാലത്ത് കിഴക്കൻ മലയോരത്തു നിന്നും ഒരുകുടുംബം വാവ് ദിവസം ബലിതർപ്പണത്തിനായി കടൽതേടി പോയി എന്നും ഈ പാറയിൽ എത്തിയപ്പോൾ കൂട്ടത്തിൽ ഒരാളെ കാണാത്തതിനാൽ അവിടെ വിശ്രമിച്ചുവെന്നും സമയം ഏറെ വൈകിയതിനാൽ കടലിനെ നോക്കി അവിടെ നിന്നുതന്നെ ബലി തർപ്പണം ചെയ്തുവെന്നും അങ്ങനെയാണ് ഈ പേര് ലഭിച്ചതെന്നും മറ്റൊരൈതീഹ്യം. പട്ടാണിപാറ എന്നും ഇതിനു പേരുണ്ട്.

കടലാടിപ്പാറയെക്കുറിച്ചുള്ള  വീഡിയോ കാണാനുള്ള ലിങ്ക് 

https://youtu.be/7va2WxMCGnE

No comments