Breaking News

പടന്ന സ്വദേശിയായ ബൈക്ക്‌ യാത്രക്കാരനിൽനിന്ന്‌ 15 ലക്ഷം കവർന്ന കേസിൽ അന്വേഷണം ഊർജിതം


മേൽപ്പറമ്പ് : കാറിൽ പിന്തുടർന്നെത്തിയ സംഘം ബൈക്ക്‌ യാത്രക്കാരനെ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കവർന്നു. പണം കൈവശപ്പെടുത്തി യാത്രക്കാരനെ കാറിൽനിന്ന്‌ ഇറക്കിവിട്ട ശേഷം കടന്നുകളഞ്ഞു. പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി.
തിങ്കൾ രാവിലെ കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ചളിയങ്കോട് പാലത്തിന്‌ സമീപമാണ്‌ സംഭവം. കാസർകോട്നിന്ന്‌ ബൈക്കിൽ ചെറുവത്തൂർഭാഗത്തേക്ക്‌ പോകവേ പടന്ന സ്വദേശി അടുക്കത്തുബയലിൽ താമസക്കാരനായ മജീദ് (52)നെയാണ്‌ ഇതേഭാഗത്തേക്കു കാറിൽ പോകുകയായിരുന്ന സംഘം തട്ടിക്കൊണ്ടുപോയത്.
ബൈക്കിന്റെ പിന്നാലെയെത്തിയ സംഘം കോട്ടരുവത്തിനടുത്തെത്തുമ്പോഴേക്കും മുന്നിലെത്തി കാർ ബൈക്കിന്‌ കുറുകെയിട്ട് തടഞ്ഞു. കാറിൽനിന്നിറങ്ങിയവർ മജീദിനെ അതേ വാഹനത്തിൽ കയറ്റി മേൽപ്പറമ്പ് ഭാഗത്തേക്ക്‌ പോയി. മറ്റു വാഹനയാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്‌.
എസ്ഐ വി കെ വിജയന്റെ നേതൃത്വത്തിൽ പൊലീസെത്തി സംഭവസ്ഥലത്ത്നിന്ന്‌ ബൈക്ക് കണ്ടെത്തി. രജിസ്ട്രേഷൻ നമ്പറിന്റെയും മറ്റുവിവരങ്ങളുടെയും അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോയത് മജീദിനെയാണെന്ന് തിരിച്ചറിഞ്ഞു. പകൽ രണ്ടോടെ പൊലീസ് അടുക്കത്തുബയലിലേക്കെത്തുമ്പോഴേക്കും മജീദ് വീട്ടിലെത്തിയിരുന്നു.
ചോദ്യംചെയ്തപ്പോഴാണ്‌ പലർക്കായി നൽകാൻ കൊണ്ടുപോകുന്ന 15 ലക്ഷം രൂപയാണ്‌ കൈവശമുണ്ടായതെന്നും പണം കൈവശപ്പെടുത്തിയതിന്‌ ശേഷം ഇറക്കിവിടുകയായിരുന്നുവെന്നും മൊഴി നൽകിയത്‌. വെള്ളിക്കോത്ത് ആൾക്കുറവുള്ള പ്രദേശത്താണ്‌ ഇറക്കിവിട്ടത്‌.
വാഹനത്തിൽ അഞ്ചുപേരാണുണ്ടായിരുന്നത്‌. ഇവർ സംസാരിച്ചത്‌ മലയാളമാണ്‌. പ്രതികളെ കണ്ടാൽ തിരിച്ചറിയുമെന്നും ഉപദ്രവിച്ചിട്ടില്ലെന്നും മജീദ് പൊലീസിനോടു പറഞ്ഞു.
പണം നഷ്ടപ്പെട്ടയാൾ പരാതി നൽകിയിട്ടില്ല. സ്വമേധയ കേസെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹവാല ഇടപാടാകാം പിന്നിലെന്നും സംഘമെത്തിയ കാറിന്റെ നമ്പർ വ്യാജമാണെന്ന്‌ സംശയിക്കുന്നു. കാസർകോട്നിന്നു സംഘം ബൈക്കിനെ പിൻതുടർന്നതായി സംശയമുണ്ട്.
പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന്‌ ബേക്കൽ ഡിവൈഎസപ്‌ സി കെ സുനിൽകുമാർ അറിയിച്ചു.


No comments