Breaking News

കൊല്ലത്ത് നടന്ന സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടിയായി മടിക്കൈ കാരാക്കോടെ ഫ്രാൻസി വിനോദ്


മടിക്കൈ: വട്ടേക്കാട് നാട്ടുപച്ച കലാസാംസ്കാരിക വേദി സംഘടിപ്പിച്ച അഖില കേരള പ്രഫഷണൽ നാടകമത്സരത്തിൽ കോഴിക്കോട് സൃഷ്ടി നാടക സമിതിയുടെ 'റാന്തൽ' എന്ന നാടകത്തിന് അഞ്ച് അവാർഡിൻ്റെ തിളക്കം. ഏറ്റവും നല്ല നടിയായി കാസർകോട് മടിക്കൈയുടെ പേര് അടയാളപ്പെടുത്തി കാരാക്കോടെ ഫ്രാൻസി വിനോദ് നാടിന് അഭിമാനമായി. ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി വേദികൾ ധന്യമാക്കിയ കാരാക്കോട് പുലരി നാടക ട്രൂപ്പിലെ പ്രധാന നടി കൂടിയാണ് ഫ്രാൻസി വിനോദ്. പരിമിതമായ ജീവിത സാഹചര്യങ്ങളിൽ വളർന്നു വന്നിട്ടും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ് കൂലിത്തൊഴിലാളിയായ ഇവർ ഇപ്പഴും നാടക രംഗത്തേക്ക് തുടരുന്നത്. കുടുംബത്തിൻ്റെ സാമ്പത്തിക ചുറ്റുപാടുകളുടെ പരിമിതികളിലും  ഫ്രാൻസി നാടകത്തെ നെഞ്ചോട് ചേർക്കുന്നു. 

'റാന്തൽ' എന്ന നാടകത്തിൽ മുത്തുലക്ഷ്മിയായും ശിവലക്ഷ്മിയായും അരങ്ങിൽ പകർന്നാടിയതിനാണ് ഈ അനുഗ്രഹീത കലാകാരിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. 

ഇതിന് പുറമെ റാന്തൽ നാടകത്തിന് ലഭിച്ച മറ്റ് അവാർഡുകൾ ഇവയൊക്കെയാണ്: ഗാനരചന- ജയൻ തിരുമന, സംഗീതം- കേരളപുരം ശ്രീകുമാർ, ആലാപനം- കൊല്ലം ജയചന്ദ്രൻ, ദീപ നിയന്ത്രണം-ലാൽ കൊട്ടാരക്കര. രംഗ സജ്ജീകരണം- ലിജു പാലോറ, ഹരീഷ്.

ഇന്ന് കൊല്ലത്തു നടക്കുന്ന ചടങ്ങിൽ മലയാള നാടക സിനിമാ താരം വിജയരാഘവൻ വിജയികൾക്ക് പുരസ്ക്കാര വിതരണം നടത്തും.


റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്

No comments