Breaking News

ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി മാലോം ടൗൺ ബസ്റ്റാന്റില്ലാത്തതിനാൽ മാലോം ടൗണിൽ ഗതാഗത കുരുക്ക് പതിവായിരിക്കുകയാണ്


മാലോം : ബസ്റ്റാന്റില്ലാത്തതിനാൽ മാലോം ടൗണിൽ ഗതാഗത കുരുക്ക് മുറുകുന്നത് പതിവായിരിക്കുന്നു.  ചെറുപുഴ , നീലേശ്വരം ഭാഗങ്ങളിൽ നിന്ന് പത്തോളം ബസ്സുകൾ മാലോം ടൗൺ വരെ സർവീസ് നടത്തുന്നത് കൂടാതെ മംഗലാപുരം, തിരുവിതാംകൂർ ഭാഗങ്ങളിലേക്കുള്ള നിരവധി ബസ്സ് സർവ്വീസുകൾ ഉൾപ്പെടെ ഇതു വഴി കടന്നുപോകുന്നുണ്ട്. മാലോം വരെ സർവ്വീസ് നടത്തുന്ന ബസ്സുകൾ ടൗണിൽ പാർക്ക് ചെയ്യുന്നത്‌ ഗതാഗത കുരുക്കിനിടയാക്കുന്നുണ്ട്. ടൗണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങളിൽ കച്ചവടം കുറയുവാൻ  ഈ ഗതാഗത കുരുക്കുകൾ  കാരണമാകുന്നുണ്ട്. മലയോര ഹൈവേയുടെ പണി അന്തിമ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ബസ്റ്റാന്റിന്റെ അഭാവവും ഗതാഗത കുരുക്കും മാലോം വഴി യാത്രാ ക്ലേശം രൂക്ഷമായ മലയോര ഹൈവേയിലൂടെ കൂടുതൽ ബസ്സ് സർവ്വീസുകൾ ആരംഭിക്കുന്നതിന് തടസ്സമാകുമെന്ന് ബസ്സ് ജീവനക്കാരും നാട്ടുകാരും ചൂണ്ടികാണിക്കുന്നു. ബസ്റ്റാൻഡ് നിലവിൽ വന്നാൽ ടൗണിലെ പാർക്കിങ് ക്രമീകരിച്ച് നിരന്തരമുണ്ടാകുന്ന ഗതാഗത കുരുക്കുക്കൾ ഒഴിവാക്കാനാകും. ഒരു ബസ്സ്റ്റാൻഡ് എന്ന സ്വപ്നം വർഷങ്ങളയി നെഞ്ചിലേറ്റി നടക്കുന്ന ഇന്നാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകൾ ഏറ്റവും വേഗം സഫലമാക്കുവാൻ അധികൃതർ ഉണരേണ്ടിയിരിക്കുന്നു. കാർഷിക മേളയ്ക്കും സംസ്ഥാന നാടകോത്സവത്തിനും ആതിഥ്യമരുളിയ മണ്ണിൽ സ്ഥലം എംപിയും  എംഎൽഎ യും അടക്കമുള്ള ജനപ്രതിനിധികൾ മുൻകൈയെടുത്ത് ഒരു ബസ്റ്റാൻഡ് നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. മാലോത്തെ ഈ ജനകീയ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉടൻ കാണണമെന്ന് ഉത്തര മലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

No comments