Breaking News

മലയോര ജനതയെ ഉത്സവലഹരിയിൽ ആറാടിച്ച തളിര് മാലോം ഫെസ്റ്റ് നാളെ (ഞായർ) സമാപിക്കും.. തളിര് നഗരിയിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ


 

വെള്ളരിക്കുണ്ട്: ഉത്തര മലബാറിലെ ഏറ്റവും വലിയ കാർഷികമേളയായി മാറിക്കഴിഞ്ഞ മാലോം തളിർ ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ്. കാർഷിക സിരാ കേന്ദ്രമായ മാലോത്തിന് ഉത്സവരാവുകൾ സമ്മാനിച്ചുകൊണ്ട് തളിർ ഫെസ്റ്റ് ജനകീയമേളയായി മാറിയിരിക്കുകയാണ്. മാലോം ടൗണിന് സമീപം മലയോര ഹൈവേയോട് ചേർന്ന് തലയുയർത്തി നിൽക്കുന്ന തളിർ ഫെസ്റ്റിൻ്റെ പ്രവേശന കവാടം ഏവരേയും സ്വാഗതം ചെയ്യുന്നു. തൊട്ടു മുന്നിലായി രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി ഒരുക്കിയ അമർ ജവാൻ സ്തൂപവും ശ്രദ്ധാകേന്ദ്രമാണ്. മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആഥിത്യമരുളുന്ന തളിർ ഫെസ്റ്റ് 2023ൽ വിവിധ കാർഷിക ഉൽപ്പന്ന ഉപകരണ പ്രദർശനം, നടീൽ വസ്തുക്കളുടെ പ്രദർശനം, ശാസ്ത്ര സാങ്കേതിക പ്രദർശനം, ഫ്ലവർ ഷോ, പെറ്റ് - അക്വാ ഷോ, ലൈറ്റ് & സൗണ്ട് ഷോ, ഷോപ്പിംഗ് സ്റ്റാളുകൾ, കേരളാ വിഷൻ ബ്രോഡ് ബാൻ്റ് സ്റ്റാൾ, കൂടാതെ വിവിധ അമ്യൂസ്മെന്റ് പവലിയൻ, കലാസന്ധ്യ, നിരവധി കരകൗശല വസ്തുക്കളുടെ പ്രദർശനം തുടങ്ങിയവയോടൊപ്പം മലയോരജനതയുടെ നേർക്കുള്ള വലിയ ഭീഷണിയായ ബഫർ സോണിന് എതിരെയുള്ള പ്രതിഷേധമായി ബഫർ സോൺ ഭൂതം, മാലോം ടൂറിസം പ്രമോഷന്റെ ഭാഗമായി സോൾ ഓഫ് ഹിൽസ് ഒരുക്കിയ സെൽഫി പോയിന്റും ടൂറിസം പവലിയനും, കുടുംബശ്രീ ഫുഡ്‌ കോർട്ട്, 'ഐ ലവ് മാലോം' പാർക്ക്, തുടങ്ങിയവയൊക്കെ ഈ വർഷത്തെ മാലോം ഫെസ്റ്റ്ന്റെ പ്രത്യേകതകളാണ്. ജില്ല ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ അമ്യൂസ്മെൻ്റ് ഐറ്റങ്ങളാണ് ഇത്തവണ തളിർ ഫെസ്റ്റിൽ ഒരുക്കിയിട്ടുള്ളത്. കണ്ടറിഞ്ഞും കേട്ടറിഞ്ഞും ജില്ലക്ക് അകത്തു നിന്നും പുറത്തു നിന്നും നിരവധി ആളുകൾ തളിർ ഫെസ്റ്റിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണെന്ന് മഹാമേളയ്ക്ക് നെടുനായകത്വം വഹിക്കുന്ന ട്രസ്റ്റ് ചെയർമാൻ കൂടിയായ രാജു കട്ടക്കയം മലയോരം ഫ്ലാഷിനോട് പറഞ്ഞു..


ഇന്ന് (ശനിയാഴ്ച്ച) നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി മുഖ്യാതിഥിയായി സംബന്ധിക്കും, ബളാൽ ഗ്രാമപഞ്ചായത്ത് അംഗം ബിൻസി ജയിൻ അധ്യക്ഷത വഹിക്കും.


ജനുവരി 15 ഞായറാഴ്ച്ച രാത്രി 11 മണിക്ക് നാടിനെ ആനന്ദലഹരിയിൽ ആറാടിച്ച തളിര് ഫെസ്റ്റ് സമാപിക്കും. ഞായറാഴ്ച്ച വൈകിട്ട് 7ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും, സംഘാടകസമിതി ചെയർമാൻ രാജു കട്ടക്കയം അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ മുഖ്യാതിഥിയായി പങ്കെടുക്കും, സംഘാടകസമിതി ജനറൽ കൺവീനർ ആൻഡ്രൂസ് വി ജെ സ്വാഗതം പറയും. തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ ഫ്ലവേഴ്സ് ചാനൽ കോമഡി താരങ്ങൾ അണിനിരക്കുന്ന മ്യൂസിക്കൽ ഫിഗർ നൈറ്റ് അരങ്ങേറും.


റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്

No comments