Breaking News

'ഓപ്പറേഷൻ ക്ലീൻ കാസർകോട്'; ചട്ടഞ്ചാലിൽ വൻ ലഹരിവേട്ട കാർഗോ കണ്ടെയ്‌നർ ലോറിയിൽ കടത്തുകയായിരുന്ന 31,800 പായ്ക്കറ്റ് നിരോധിത പാൻമസാലകൾ പിടികൂടി


ചട്ടഞ്ചാല്‍ ദേശീയപാതയില്‍ വന്‍ ലഹരിവേട്ട. മേല്പ്പറമ്പ പോലീസ് നടത്തിയ രാത്രികാല വാഹന പരിശോധനയില്‍ കാര്‍ഗോ കണ്ടെയ്‌നര്‍ ലോറിയില്‍ കടത്തുകയായിരുന്ന 31,800 പായ്ക്കറ്റ് നിരോധിത പാന്‍മസാലകള്‍ പിടികൂടി. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കര്‍ണാടക വിജയ്പൂര്‍ ഗാന്ദി ചൗക്ക് സ്വദേശി സിദ്ധലിംഗപ്പയെ(39) അറസ്റ്റ് ചെയ്തു, ലോറിയും കസ്റ്റഡിയിലെടുത്തു. കാസര്‍ഗോഡ് ജില്ലാ പോലീസ് നടപ്പിലാക്കി വരുന്ന 'ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍ഗോഡ്'പദ്ധതിയുടെ ഭാഗമായി സിഐ ടി.ഉത്തംദാസിന്റെ നേതൃത്വത്തിലാണ് മേല്‍പ്പറമ്പ പൊലീസ് തിങ്കളാഴ്ച്ച രാത്രിയില്‍ വാഹന പരിശോധനയ്ക്കിറങ്ങിയത്. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് കമ്പനി പാര്‍സല്‍ കൊണ്ടുപോവുകയായിരുന്ന എന്‍.എല്‍ 01 എ.ഇ 7898 നമ്പര്‍ കാര്‍ഗോ കണ്ടെയിനര്‍ ലോറിയുടെ ഡ്രൈവറുടെ ക്യാബിനിലാണ് ചാക്ക് കെട്ടുകളാക്കിയ പാന്‍മസാല കയറ്റിയിരുന്നത്. പാന്‍മസാല പാക്കറ്റുകള്‍ ചാക്കുകളിലാക്കി മംഗലാപുരത്ത് നിന്നും ഒരാള്‍ കയറ്റി വിട്ടതാണെന്നും കോഴിക്കോട് ഇറക്കിയാല്‍ മൂവായിരം രൂപ കടത്തുകൂലി കിട്ടുമെന്നുമാണ് ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിനോട് പറഞ്ഞത്. പലപ്പോഴും പാര്‍സല്‍ കമ്പനി അധികൃതര്‍ അറിയാതെയാണ് ലോറി ജീവനക്കാര്‍ ഇത്തരം അനധികൃത കടത്ത് നടത്തുന്നതെന്നാണ് കരുതുന്നത്. ഹിതേഷ്, കലേഷ്, വിജേഷ്, ലനീഷ്, സുഭാഷ്, സക്കറിയ എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് ലഹരിവേട്ടയില്‍ സിഐ ഉത്തംദാസിനൊപ്പം ഉണ്ടായിരുന്നത്.

No comments