Breaking News

35 വർഷമായി ജില്ലയ്‌ക്കകത്തും പുറത്തും പുലികളി ; പുലി നാരായണന് ഫോക് ലോർ അക്കാദമി അവാർഡ്


ഉദുമ : ‘കരിമ്പുലി’മുതൽ ‘ചീറ്റപ്പുലി’വരെ അനേകം പുലികളെ റോട്ടിലിറക്കിയ പുലി നാരായണനിപ്പോൾ സന്തോഷത്തിലാണ്‌. 35 വർഷമായി ജില്ലയ്‌ക്കകത്തും പുറത്തും പുലികളി അവതരിപ്പിച്ച കുതിരക്കോട്ടെ പി നാരായണൻ എന്ന പുലി നാരായണനാണ് ഫോക് ലോർ അക്കാദമി അവാർഡ് ലഭിച്ചത്.
പുലിക്കളി അവതരിപ്പിക്കുന്നതോടൊപ്പം കരകാട്ടം, യക്ഷഗാനം, ആവടിയാട്ടം, മയിലാട്ടം തുടങ്ങി നൂറിലധികം കലാരൂപങ്ങൾക്ക് ആടയാഭരണങ്ങൾ ഉണ്ടാക്കിയും നാരായണൻ ശ്രദ്ധേയനായി. ഉത്സവങ്ങളിലും ഘോഷയാത്രയിലും പുലിവേഷങ്ങൾ ശ്രദ്ധ നേടി. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ 12 വർഷത്തോളം സ്ഥിരമായി പുലിക്കളി നടത്തിയിരുന്നു. ഡൽഹി, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങൾ കൂടാതെ ഗോവ, ഹരിയാന, കർണാടക തുടങ്ങി ഇൻഡ്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും നാരായണനും സംഘവും പരിപാടി അവതരിപ്പിച്ചു. കോമൺവെൽത്ത്‌ ഗെയിംസ്, ദേശീയ ഗെയിംസ്, ഓണം വാരാഘോഷം എന്നിവയിലും പരിപാടികൾ അവതരിപ്പിച്ചു. കൊച്ചി ബിനാലെയിൽ കാസർകോട് ജില്ലയിലെ 150 ഓളം കലാകാരൻമാരെ അണിനിരത്തിയുള്ള പുലിക്കളിയും നാടൻ കലാപ്രകടനവും നടത്താനും ക്ഷണം ലഭിച്ചിട്ടുണ്ട്.
കുതിരക്കോട്ട് ആദിശക്തി പുലിക്കളി നാടൻ കലാകേന്ദ്രവും സ്ഥാപിച്ചു. ഹിറ്റായ കോഴി ഡാൻസ് ആദ്യമായി അവതരിപ്പിച്ചതും നാരായണനാണ്‌. ലക്ഷ്‌മിയാണ് ഭാര്യ. മക്കളായ മനോഹരൻ, ശോഭന, സുനിത എന്നിവരും കലാപരിപാടികളിൽ നാരായണനെ സഹായിക്കുന്നു.



No comments