Breaking News

38 വർഷം വെള്ളരിക്കുണ്ടിൻ്റെ സൗമ്യ സാന്നിധ്യം ചുമട്ടുതൊഴിലിൽ നിന്നും വിരമിക്കുന്ന ബെന്നിച്ചേട്ടന് സഹപ്രവർത്തകരുടെ സ്നേഹോഷ്മള യാത്രയയപ്പ്


വെള്ളരിക്കുണ്ട്: നീണ്ട മുപ്പത്തി എട്ട് വർഷക്കാലം വെള്ളരിക്കുണ്ട് ടൗണിൻ്റെ ഭാഗമായ വ്യക്തിത്വം വി.എ ബെന്നി എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ബെന്നിച്ചേട്ടൻ ചുമട്ട് തൊഴിൽ മേഖലയിൽ നിന്നും വിരമിക്കുകയാണ്. ഒട്ടേറെ അനുഭവസമ്പത്ത് കൈമുതലാക്കിയാണ് ബെന്നിച്ചേട്ടൻ പിരിഞ്ഞ് പോകുന്നത്. കാര്യങ്ങൾ ശരിയുടെ പക്ഷത്ത് നിന്ന് മുഖത്ത് നോക്കി പറയുകയും, കൃത്യമായ നിലപാടുകൾ ഉള്ള വ്യക്തിയാണ് ബെന്നി. നല്ലൊരു മൃഗസ്നേഹി കൂടിയാണ്. ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പ്രവർത്തനങ്ങളിലും നാടക പ്രവർത്തനങ്ങളിലും സജീവമായിരുന്നു ഇദ്ദേഹം.  ഭാര്യ സെലിൻ, ഷെറിൻ, സ്നേഹ, സ്റ്റെല്ല എന്നിവർ മക്കളാണ്. നല്ലൊരു ബോട്ടിൽ ആർട്ട് കലാകാരിയായ മകൾ സ്റ്റെല്ല ബെന്നിക്ക് ബോട്ടിലുകളും അനുബന്ധ സാമഗ്രികളും എത്തിച്ച് നൽകി സർവ്വ പിന്തുണയും നൽകുന്നത് ബെന്നിയാണ്.

സംയുക്ത ചുമട്ടുതൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ  വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ വച്ച് നടത്തിയ യാത്രയയപ്പ് ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വ്യാപാര രംഗങ്ങളിലെ ഒട്ടേറെ നേതാക്കൾ സംബന്ധിച്ചു. ചുമട്ടുതൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ പ്രസിഡണ്ട് കെ.മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്ത് ഉപഹാരം കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് അധ്യക്ഷനായി. ഗിരീഷ് ടി.എൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ വിനു കെ.ആർ, കേരള ചുമട്ടുതൊഴിലാളി ബോർഡ് ഭീമനടി ഓഫീസ് സൂപ്രണ്ട് ഫിലോമിന മാത്യു, സിഐടിയു ഏരിയ സെക്രട്ടറി എൻ.എം രാജൻ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കെ.കുഞ്ഞിരാമൻ, മുതിർന്ന നേതാവ് കണ്ണൻ നായർ, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ തുടങ്ങി വിവിധ ട്രേഡ് യൂണിയൻ പ്രവർത്തകരും സുഹൃത്തുക്കളും ആശംസ പ്രസംഗം നടത്തി. അബ്ദുൾ ബഷീർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്




No comments