Breaking News

യൂറോപ്പിലും തിളങ്ങുന്നു രജീഷിന്റെ വരയഴക്‌ കാഞ്ഞങ്ങാട്‌ ആലൈയിൽ സ്വദേശിയാണ്


നീലേശ്വരം : അറിയുംതോറും പറയുംതോറും അത്ഭുതപ്പെടുത്തുന്ന ഒരു കലാകാരനുണ്ടിവിടെ. ചിത്രകാരൻ, മോഡൽ, അഭിനേതാവ്‌ , നർത്തകൻ.... നിരവധി വിശേഷണങ്ങളുള്ള കാഞ്ഞങ്ങാട്‌ ആലൈയിലെ രജീഷ്‌ അടമ്പിൽ ഇവയെല്ലാം സ്വയം പഠിച്ചെടുത്താണ്‌ കലാമേഖലയിൽ തിളങ്ങുന്നത്‌. നിറംമങ്ങിയ നാളുകളെ മാറ്റി പ്രതീക്ഷയുടെ ക്യാൻവാസിൽ മനോഹര ചുവർചിത്രങ്ങൾ തീർക്കുന്ന രജീഷിന്റെ വരയഴക്‌ വേറെത്തന്നെയാണ്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ ആർട്ട്‌ ഗ്യാലറികളിൽ രജീഷിന്റെ ചിത്രങ്ങളുമുണ്ട്‌. കല്ലുവെട്ട് തൊഴിലാളിയായിരുന്ന കുഞ്ഞിക്കോരന്റെയും ദിനേശ് ബീഡി തൊഴിലാളിയായിരുന്ന നാരായണിയുടെയും ഇളയ മകനാണ് രജീഷ്. പച്ചപ്പ് കുറഞ്ഞ ചെങ്കൽ മണ്ണാണ് വീട്ടുപരിസരത്തുള്ളതെന്നതിനാൽ വരകളിലും ചെങ്കൽച്ചുവപ്പിന്റെ ചാരുതയുണ്ട്‌. പൊള്ളാച്ചിയിലെ ഇറ്റാലിയൻ കമ്പനിയായ ‘മൈത്രി ദി വേദിക്’ വില്ലേജിൽ ആയുര്‍വേദ തെറാപ്പിസ്റ്റാണിപ്പോൾ. ജോലിസമയത്തെ ഇടവേളകളിലാണ്‌ ചുവർ ചിത്രരചന. സ്കൂൾ പഠനകാലത്ത് പലവേദികളിലും ശാസ്‌ത്രീയ നൃത്തവും അവതരിപ്പിച്ചു. വരയ്ക്കുന്ന ഓരോ ചിത്രവും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്‌തപ്പോൾ തുടങ്ങി അതിനുകിട്ടുന്ന അഭിനന്ദനവും പിന്തുണയും കൂടിവന്നു. മനോഹരമായ മൂന്ന് ആൽബങ്ങളും ഇതിനകംചെയ്‌തു . നാട്ടിൽ ചിത്രപ്രദർശനം നടത്താനുള്ള ഒരുക്കത്തിലാണിപ്പോൾ. പരപ്പനങ്ങാടിയിലെ സൃജിലയാണ്‌ ഭാര്യ.


No comments