റാണിപുരത്ത് പുതുതായി 109 ഇനം പക്ഷികളെ കണ്ടെത്തി
റാണിപുരം: വനംവകുപ്പിന്റെയും കാസര്‍ഗോഡ് ബേഡേഴ്സ് കൂട്ടായ്മയുടെയും നേതൃത്വത്തില്‍ റാണിപുരം വനമേഖലയില്‍ നടത്തിയ പക്ഷി സര്‍വേയില്‍ പുതുതായി 109 ഇനം പക്ഷികളെ കണ്ടെത്തി. ജില്ലയില്‍ ആദ്യമായി കണ്ടെത്തിയ പോതക്കിളി (ബ്രോഡ് ടെയില്‍ഡ് ഗ്രാസ് ബേര്‍ഡ്), റാണിപുരം വനമേഖലയില്‍ ആദ്യമായി കണ്ടെത്തിയ മേടുതപ്പി (പാലിഡ് ഹാരിയര്‍), മീന്‍ കൂമന് (ബ്രൗണ്‍ ഫിഷ് ഔള്‍), ചെങ്കണ്ണി തിത്തിരി എന്നിവയും ഇതിലുള്‍പ്പെടുന്നു.
ഇതോടെ റാണിപുരം വനമേഖലയില്‍ കണ്ടെത്തിയ ആകെ പക്ഷി ഇനങ്ങളുടെ എണ്ണം 163 ആയി.സര്‍വേയില്‍ പങ്കാളികളായ കാര്‍ഷിക സര്‍വകലാശാല തൃശൂര്‍ മണ്ണുത്തി കേന്ദ്രത്തിലെ ബിഎസ്സി ഫോറസ്ട്രി വിദ്യാര്‍ഥികളാണ് ജില്ലയിലാദ്യമായി പോതക്കിളിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കിളിയുടെ ശബ്ദം റിക്കാര്‍ഡ് ചെയ്ത് പരിശോധന നടത്തിയാണ് പോതക്കിളി തന്നെയാണെന്ന് ഉറപ്പിച്ചത്.
കഴിഞ്ഞ മാസം റാണിപുരത്ത് നടത്തിയ ആദ്യഘട്ട സര്‍വേയില്‍ നിലത്തന്‍ (ഇന്ത്യന്‍ ബ്ലൂ റോബിന്) എന്ന പക്ഷിയേയും ജില്ലയിലാദ്യമായി കണ്ടെത്തിയിരുന്നു. ഈ പക്ഷിയുടെ സാന്നിധ്യം കഴിഞ്ഞ ദിവസത്തെ സര്‍വേയിലും ഉറപ്പിച്ചു. ചാരത്തലയന്‍ ഫ്ളൈ കാച്ചര്‍, കാട്ടു രാച്ചുക്ക്, മാക്കാച്ചിക്കാട, മേനിപ്പാറക്കിളി എന്നിവയാണ് സര്‍വേയില്‍ കണ്ടെത്തിയ മറ്റു സവിശേഷ ഇനങ്ങള്‍.
കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ.ബി.ശ്രീജിത്ത്, പനത്തടി സ്റ്റേഷന് ഫോറസ്റ്റ് ഓഫീസര്‍ ബി.ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷിഹാബുദ്ദീന്, കാസര്‍ഗോഡ് ബേഡേഴ്സ് കൂട്ടായ്മയിലെ അംഗങ്ങളായ ശ്യാംകുമാര്‍ പുറവങ്കര, എം.ഹരീഷ്ബാബു, ഹരിഹരന്, കെ.എം.അനൂപ് എന്നിവര്‍ സര്‍വേയ്ക്ക് നേതൃത്വം നല്കി.
No comments