Breaking News

അനന്തപുരി ഭക്തിസാന്ദ്രം; പൊങ്കാലയിട്ട് സ്ത്രീജനങ്ങൾ നഗരം നിറഞ്ഞ് ഭക്തർ


തിരുവനന്തപുരം: ഭക്തിസാന്ദ്രമായി അനന്തപുരി. പൊങ്കാല ചടങ്ങുകൾ തുടങ്ങി. പണ്ടാര അടുപ്പിൽ തീ പകർന്നു. ക്ഷേത്ര പരിസരവും നഗരവീഥികളും ഭക്ത സഹസ്രങ്ങളാൽ നിറഞ്ഞു. കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂർവ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അന്യദേശങ്ങളിൽ നിന്ന് വരെയെത്തിയ ഭക്തർ നഗരത്തിൽ പലയിടങ്ങളിലായി പൊങ്കാലയിട്ടു. ക്ഷേത്ര പരിസരവും നഗരവീഥികളും പൊങ്കാല അർപ്പിക്കാനെത്തിയവരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്..

ഇന്ന് രാത്രി എട്ട് മണിവരെ നഗരാതിർത്തിയിൽ വലിയ വാഹനങ്ങൾക്കോ, ചരക്ക് വാഹനങ്ങൾക്കോ പ്രവേശനമുണ്ടാകില്ല. ആറ്റുകാൽ ക്ഷേത്രപരിസരത്തോ, ദേശീയപാതയിലോ, ഭക്തർ പൊങ്കാലയിടുന്ന പ്രധാന നിരത്തുകളിലോ പാർക്കിംഗ് അനുവദിക്കില്ല. നടപ്പാതകളിൽ പൊങ്കാലയ്ക്കിരിക്കരുതെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. കുടിവെള്ള വിതരണത്തിനും അന്നദാനത്തിനുമുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. നിവേദ്യം പൂർത്തിയായതിന് പിന്നാലെ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങും. ഇന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും അവധിയാണ്.





No comments