Breaking News

കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നും ഇറങ്ങി കവർച്ച ; കുപ്രസിദ്ധ കവർച്ചക്കാരൻ തൊരപ്പൻ സന്തോഷ് വീണ്ടും അറസ്റ്റിൽ


കാസർകോട് : കുപ്രസിദ്ധ കവർച്ചക്കാരൻ തളിപ്പറമ്പ്, നടുവിൽ പുലിക്കുരുമ്പയിലെ തൊരപ്പൻ സന്തോഷ് എന്ന നെടുമന സന്തോഷ് (45) അറസ്റ്റിൽ. മാനന്തവാടി ഡിവൈ.എസ്.പി വി.കെ വിശ്വംഭരന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വി.ജെ അഗസ്റ്റ്യൻ, എസ്.ഐ പി.ഡി റോയിച്ചൻ എന്നിവരാണ് തൊരപ്പനെ അറസ്റ്റു ചെയ്തത്. കുപ്രസിദ്ധ കവർച്ചക്കാരനായ തൊരപ്പൻ സന്തോഷ് ഏപ്രിൽ 11ന് ആണ് കാഞ്ഞങ്ങാട്, ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടൻ കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി. അതിനാൽ സന്തോഷ് പുറത്തിറങ്ങിയ ശേഷം പൊലീസ് ജാഗ്രതയിലായിരുന്നു. കാഞ്ഞങ്ങാട് നിന്നും കണ്ണൂർ, പയ്യാവൂരിലെത്തിയ സന്തോഷ് ഏപ്രിൽ 15-ാം തിയതി കണ്ടകശ്ശേരിയിലെ ഒരു ഹോട്ടലിലും വർക്ക് ഷോപ്പിലും കവർച്ച നടത്തി. എന്നാൽ ഇവിടങ്ങളിൽ നിന്നു കാര്യമായതൊന്നും ലഭിച്ചില്ല. അതിനാൽ ഹോട്ടലിലെ രണ്ടു സിസിടിവി ക്യാമറകളും ഡിവിആർ ഉൾപ്പെടെയുള്ള അനുബന്ധ സാധനങ്ങളും കൈക്കലാക്കിയാണ് മോഷ്ടാവ് സ്ഥലം വിട്ടത്. ഏപ്രിൽ 16ന് പയ്യാവൂർ, വെമ്പുവ ജംഗ്ഷനിലെ പി. മാർട്ട് കുത്തിത്തുറന്ന് മൂന്നര ലക്ഷം രൂപ കവർന്നു. ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ ഒരു വിരലടയാളം കണ്ടെത്തിയിരുന്നു. ഇത് തൊരപ്പൻ സന്തോഷിന്റേതാണെന്നു തിരിച്ചറിഞ്ഞു. മോഷ്ടാവിനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നതിനിടയിൽ സന്തോഷ് വയനാട്ടിലേക്ക് കടന്നു. ഈ വിവരമറിഞ്ഞ മാനന്തവാടി പൊലീസ് ജാഗ്രത പാലിക്കുന്നതിനിടയിലാണ് തൊരപ്പൻ മുഴക്കുന്ന് ഭാഗത്ത് എത്തിയതും പൊലീസിന്റെ പിടിയിലാവുകയും ചെയ്തത്.

No comments