Breaking News

ഉണർവ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാലോത്ത് കസബ സ്‌കൂളിൽ നടന്നു ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.


മാലോം: കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി - ലഹരി വർജ്ജന മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ഉണർവ് പദ്ധതിയുടെ ജില്ലാതല  ഉദ്ഘാടനം മാലോത്ത് കസബ സ്‌ക്കൂളിൽ എം.എൽ.എ ഇ ചന്ദ്രശേഖരൻ നിർവഹിച്ചു. പദ്ധതിക്കായി കാസർകോട് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജി.എച്ച്.എസ്.എസ് മലോത്ത് കസബ സ്‌കൂളിലാണ് പരിപാടി. ഒപ്പം കായികോപരണങ്ങളുടെ വിതരണവും നടന്നു. മദ്യവും മയക്കുമരുന്നും ഉൾപ്പെട്ട ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിന് ശക്തമായ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം വിമുക്തി മിഷന്റെ ഭാഗമായി നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികളും യുവാക്കളും ലഹരി ഉപയോഗത്തിലേക്ക് പോകുന്നത് തടയാനായി അവരെ ക്രിയാത്മകമായ പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിടുന്നതിനാണ് എക്‌സൈസ്് വകുപ്പ് ഉണർവ് പദ്ധതി . വിദ്യാർത്ഥികളെ മോശപ്പെട്ട പ്രചോദനങ്ങളിൽ നിന്നും വഴിതിരിച്ച് കായികപരവും കലാപരവുമായ മേഖലകളിലേക്ക് വിടുന്നതിന് ഈ പദ്ധതി ലക്ഷ്യം വെക്കുന്നു. തിരുവനന്തപുരം ജില്ലയിൽ നാല് സ്‌കൂളിൽ നടപ്പിലാക്കിയിട്ടുള്ള ഈ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ മാലോത്ത് കസബ സ്‌കൂളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സ്‌കൂളിലെ വിദ്യാർത്ഥികളെ ഏഴ് കായിക ഇനങ്ങളിലേക്ക് ആകർഷിക്കുന്നതിനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക സഹായത്തോടെ  ജില്ലയിലെ മറ്റു സ്‌കൂളുകളിലും ഈ പദ്ധതി നടപ്പിലാക്കും. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷനായി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ഡി.ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി സുധീപ് ബോസ്, കാസർകോട് വിമുക്തി മാനേജർ ഹരിദാസൻ പാലക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.

No comments