Breaking News

പത്ത് ട്രെയിനിനു താൻ ആവശ്യപ്പെട്ടിരുന്നു, 'ബിജെപിയുടെ തറവാട്ട് പണം കൊണ്ട് തീവണ്ടി ആരംഭിച്ച മട്ടിലാണ് സ്വീകരണം'; അൽപ്പന് ഐശ്വര്യം കിട്ടിയപോലെയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ


കാസര്‍കോട്: വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് താനെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി.

അന്ന് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് പോലും പരിഹാസ്യമായ കമന്റുകള്‍ ഉയര്‍ന്നിരുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വന്ദേഭാരത് ട്രെയിനിന്റെ രണ്ടാം ഘട്ട ട്രയല്‍ റണ്‍ കാസര്‍കോട് സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു എംപിയുടെ പ്രതികരണം.


'400 വന്ദേഭാരത് ട്രെയിനുകളില്‍ പത്തെണ്ണം കേരളത്തിന് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി കേന്ദ്രങ്ങളില്‍ നിന്നും ചില പരിഹാസ്യമായ കമന്റുകള്‍ ഉയര്‍ന്ന് വന്നു. പാരിസ്ഥിതിക ആഘാത പഠനം നടത്താതെ കെ റെയില്‍ കേരളത്തിന് ആവശ്യമില്ലെന്ന് സര്‍ക്കാരിനെ ഉപദേശിക്കണമെന്ന് കേന്ദ്രത്തോട് പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു', എന്നും എംപി വ്യക്തമാക്കി.


വന്ദേഭാരത് ട്രെയിന്‍ കേരളത്തിലേക്ക് വരുന്ന വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു. ഫെഡറല്‍ സംവിധാനത്തില്‍ അത് പ്രധാനമന്ത്രിയുടെ കടമാണ്. സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കില്‍ അവര്‍ ജനങ്ങളെ വിവരം അറിയിക്കുമായിരുന്നു. ഞങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങളാണ്. എംപിമാരേയും കേന്ദ്രസര്‍ക്കാര്‍ നേരിട്ട് അറിയിക്കണമായിരുന്നു. മാനത്ത് നിന്നും പൊട്ടിവീണത് പോലെയാണ് പാലക്കാട് നിന്നും ബിജെപിക്കാര്‍ കൊടിയും പിടിച്ച്‌, അവരുടെ ഏതാണ്ട് തറവാട്ട് സ്വത്ത് വിറ്റുകിട്ടിയ പണം കൊണ്ട് തീവണ്ടി ആരംഭിച്ച മട്ടില്‍ ഇവിടെ സ്വീകരണം കൊടുത്തത്. എന്ത് അപഹാസ്യമാണ്.' രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.


പൊതുജനസമൂഹത്തെ മുഴുവന്‍ അറിയിച്ചിരുന്നെങ്കില്‍ ആര്‍ഭാടപൂര്‍വ്വം സ്വീകരിച്ചേനെ. അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും എന്നത് പോലെയാണ്, വന്ദേഭാരത് ട്രെയിന്‍ ലോകത്തെ എട്ടാമത്തെ അത്ഭുതമൊന്നുമല്ല. ടെക്‌നോളജി വളരുമ്ബോള്‍ നമ്മളും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുവെന്നേയുള്ളൂവെന്നും അദ്ദേഹം വിമര്‍ശിച്ചു.

No comments