Breaking News

എരഞ്ഞോളിയിലെ ബോംബ് സ്ഫോടനം: ആർ.എസ്.എസ് പ്രവർത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി


തലശ്ശേരി: എരഞ്ഞോളിപ്പാലത്തിന് സമീപം ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി മുറിച്ചു മാറ്റി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എരഞ്ഞോളി പാലത്തിന് സമീപം കച്ചുമ്ബ്രത്ത് താഴെ ശ്രുതിനിലയത്തില്‍ മോഹനന്റെ മകന്‍ വിഷ്ണുവിന്റെ (20) വലത് കൈ കൈത്തണ്ടയില്‍വെച്ചും ഇടതുകൈയുടെ വിരലുകളുമാണ് മുറിച്ചുനീക്കിയത്.


ഉഗ്രസ്ഫോടനത്തില്‍ ഇരുകൈപ്പത്തികള്‍ക്കും ശരീരത്തിലെ മറ്റിടങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാത്രിയാണ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്ബിലായിരുന്നു ചൊവ്വാഴ്ച അര്‍ധരാത്രി ഉഗ്ര ശബ്ദത്തോടെയുള്ള ബോംബ് സ്ഫോടനം നടന്നത്. ബോംബ് നിര്‍മാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തലശ്ശേരി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം. അനിലിനാണ് അന്വേഷണ ചുമതല.


സംഭവസമയം അപകടത്തിനിരയായ യുവാവ് മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാല്‍, ബോംബ് നിര്‍മാണത്തിലും പരീക്ഷണത്തിലും കൂടുതല്‍ പേരുടെ പങ്കാളിത്തം ഉണ്ടെന്നാണ് നിഗമനം. പരിക്ക് ഭേദമായ ശേഷം വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ഫോറന്‍സിക് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സ്ഫോടകവസ്തു നിയന്ത്രണ നിയമപ്രകാരം വിഷ്ണുവിന്റെ പേരില്‍ തലശ്ശേരി പൊലീസ് കേസെടുത്തു. നാലോളം കേസുകളില്‍ യുവാവ് പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

No comments