Breaking News

എഐ ക്യാമറ ടെൻഡർ നൽകിയത് മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യാപിതാവിന്റെ ബിനാമിക്കെന്ന ആരോപണവുമായി ശോഭാ സുരേന്ദ്രന്‍


തൃശ്ശൂര്‍: എ ഐ കാമറ ഇടപാടിൽ ടെൻഡർ ലഭിച്ചയാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍റെ ഭാര്യാ പിതാവിന്‍റെ ബിനാമിയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് കാമറ ടെൻഡർ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടർ രാംജിത്. ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകും. ക്യാമറ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യാപിതാവിനുള്ള ബന്ധം പ്രതിപക്ഷ നേതാക്കൾ ഇതുവരെ പറയുന്നില്ല. മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നത്. ബിജെപി അധ്യക്ഷനും പേര് പറയാത്തത് എന്താണെന്ന ചോദ്യത്തോട് അക്കാര്യം സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന് ശോഭാ സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു.പരസ്പര സഹായ മുന്നണിയുടെ ലീഡർ ആണ് വി ഡി സതീശനെന്നും അവര്‍ കുറ്റപ്പെടുത്തി. തനിക്ക് വിശ്വാസവും ഉറപ്പുമില്ലാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് വിവാദത്തിൽ പങ്കില്ല എന്ന് അദ്ദേഹം തന്നെ തെളിയിക്കണമെന്നും അവര്‍ പറഞ്ഞു.

എഐ ക്യാമറ ഇടപാടിലെ ടെണ്ടര്‍ നടപടികളിൽ ആദ്യം മുതൽ കെൽട്രോൺ അട്ടിമറി നടത്തിയെന്ന് ആരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. എസ്ആര്‍ഐടി അടക്കമുള്ള കമ്പനികൾക്ക് ടെണ്ടറിൽ പങ്കെടുക്കാൻ പോലും യോഗ്യത ഉണ്ടായിരുന്നില്ല. ഇത് മറച്ച് വയ്ക്കാൻ ടെക്നിക്കൽ ഇവാല്യുവേഷൻ റിപ്പോര്ട്ടും ഫിനാൻഷ്യൽ ബിഡ് ഇവാല്യുവേഷൻ റിപ്പോര്‍ട്ടും കെൽട്രോൺ ബോധപൂര്‍വ്വം ഒളിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വിവാദ രേഖകളുടെ ഡിജിറ്റൽ കോപ്പി പുറത്ത് വിട്ടായിരുന്നു ചെന്നിത്തലയുടെ വാര്‍ത്താ സമ്മേളനം


എഐ ക്യാമറ ഇടപാടിൽ അടിമുടി കള്ളക്കളിയാണെന്ന ആക്ഷേപം കടുപ്പിക്കുകയാണ് പ്രതിപക്ഷം, ക്യാമറ സ്ഥാപിക്കാൻ ക്ഷണിച്ച ടെണ്ടര്‍ നടപടികളുടെ തുടക്കം മുതൽ ക്രമക്കേടുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് രമേശ് ചെന്നിത്തല പുറത്ത് വിട്ടത്. കെൽട്രോൺ തന്നെ പ്രസിദ്ധീകരിച്ച ടെന്‍ഡര്‍ ഇവാലുവേഷന്‍ പ്രീ ക്വാളിഫിക്കേഷന്‍ ബിഡ് അനുസരിച്ച് ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം വേണം. എന്നാൽ അക്ഷരാ എന്റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത് 2017 ല്‍ ആണ്. വിശദാംശങ്ങൾ വെബ്സൈറ്റിൽ വ്യക്തമാണ്. എഐ ക്യാമറ സ്ഥാപിച്ച് മുൻപരിചയമില്ലാത്ത എസ്ആര്‍ഐടിക്ക് എങ്ങനെ ടെണ്ടര്‍ നൽകിയെന്നും ചെന്നിത്തല ചോദിച്ചു.

No comments