Breaking News

ആഡംബര കാറിൽ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ


തൃശൂ‍ർ: നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട. നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചിയ്യാരം സ്വദേശി അലക്സ്, ആലപ്പുഴ പനവള്ളി സ്വദേശി പ്രിവീണരാജ്, പൂവ്വത്തൂര്‍ സ്വദേശി റിയാസുദ്ദീന്‍, കാട്ടൂർ സ്വദേശി ജേക്കബ് ജോസഫ് എന്നിവരാണ് പിടിയിലായത്. ആഡംബര കാറിൽ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. തൃശ്ശൂര്‍ ചിയ്യാരത്ത് വെച്ച് തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും, നെടുപുഴ പൊലീസും ചേർന്നാണ് സംഘത്തെ പിടികൂടിയത്.

ഒറീസ്സയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്. തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ ആവശ്യകാർക്ക് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അങ്കിത്ത് അശോക് പറഞ്ഞു. സംഘത്തിന് കഞ്ചാവ് വാങ്ങാനുള്ള സാമ്പത്തിക സഹായം നല്‍കിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യും. കേസില്‍ ഇനിയും പ്രതികളുണ്ടെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. അതേസമയം വെള്ളിയാഴ്ച തൃശ്ശൂര്‍ പൂങ്കുന്നത്ത് വെച്ച് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ട് പോവുകയായിരുന്ന 11 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് പിടികൂടിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 232 കിലോ കഞ്ചാവാണ് തൃശ്ശൂരില്‍ നിന്നും പിടികൂടിയത്.

No comments