"പുസ്തകങ്ങൾ പെരുപ്പിച്ച് കാട്ടുന്നതിലല്ല അവ വായിക്കുന്നതിലാണ് പ്രാധാന്യം": ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം കാഞ്ഞങ്ങാട് എഴുത്തുകാരൻ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: പത്തോ, പതിനഞ്ചോ പുസ്തകങ്ങള്‍ മതി. എണ്ണം പെരുപ്പിച്ച് കാട്ടേണ്ട. അവ നല്ലതുപോലെ ഉപയോഗിച്ചാല്‍ മതിയെന്ന് എഴുത്തുകാരന്‍ ടി.പത്മനാഭന്‍ പറഞ്ഞു. കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഗ്രന്ഥശാലയെ സംബന്ധിച്ച് ഏറ്റവും പ്രധാനം അവിടെയുള്ള പുസ്തകങ്ങള്‍ എത്ര പേര്‍ വായിക്കുന്നു എന്നതാണ്. വായനക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ ശോഷിച്ചു വരികയാണ്. കുട്ടി കാലത്ത് ചെറും വലുതുമായ ഒട്ടേറെ ലൈബ്രറികള്‍ കണ്ണൂരിലും പ്രദേശങ്ങളിലും ഉണ്ടായിരുന്നു. അതില്‍ 98 ശതമാനവും നടത്തിയിരുന്നത് കണ്ണൂരിലെ തൊഴിലാളികള്‍ ആയിരുന്നു. അവര്‍ കലയെയും സാഹിത്യത്തെയും ഒക്കെ ഏറെ സ്‌നേഹിച്ചവര്‍ ആയിരുന്നു. തൊഴിലാളികള്‍ എന്ന് പറഞ്ഞാല്‍ കണ്ണൂരില്‍ രണ്ട് കൂട്ടര്‍ മാത്രമേയുള്ളു. നെയ്ത്തു തൊഴിലാളികളും ബീഡി തൊഴിലാളികളും. രണ്ടു കൂട്ടരും ഇന്നില്ല. അതിനു ശേഷം അവര്‍ നടത്തിയിരുന്ന വായനശാലകളും നാമാവശേഷമായി. മെമ്പറാക്കാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ക്കും അവിടെ ഇരുന്ന് പുസ്തകം വായിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഇന്ന് ഭാഷാ സാഹിത്യത്തില്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതൊക്കെ ആ വായനയിലൂടെ ലഭിച്ച അറിവ് കൊണ്ടാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വായനശാലയുള്ളത് തിരുവനന്തപുരത്താണ്. സ്വാതി തിരുനാള്‍ സ്ഥാപിച്ചത്. ഇന്നും അത് ശോഷിച്ച് പോയിട്ടില്ല. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമാണ് അത്. പുസ്തകങ്ങളുടെ എണ്ണത്തെക്കാള്‍ പ്രാധാന്യം അവ വായിക്കുന്നതിലാണെന്നും വായനശാല പ്രവര്‍ത്തകര്‍ അത് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി ചെയര്‍മാന്‍ കെ.വി.കുഞ്ഞിരാമന്‍ ആമുഖ പ്രഭാഷണം നടത്തി. എഴുത്തുകാരായ ടി.ഡി.രാമകൃഷ്ണന്‍ എഴുത്തും അനുഭവങ്ങളും എന്ന വിഷയത്തിലും ഡോ.കെ.എസ്.രവികുമാര്‍ കടമ്മനിട്ട മനസ്സില്‍ തെളിയുമ്പോള്‍ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. സമ്മേളനത്തിൽ ഡോ.കെ.എസ്.രവികുമാറിന്റെ കടമ്മനിട്ട കവിതയും കനലാട്ടവും പുസ്തകം പ്രകാശനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടന്‍, പി.ദിലീപ് കുമാര്‍, കെ.രവീന്ദ്രന്‍, ഡോ.ബി മുഹമ്മദ് അഹമ്മദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ ജോയന്റ് സെക്രട്ടറി ടി.രാജന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനറും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ ഡോ.പി.പ്രഭാകരന്‍ സ്വാഗതവും സ്റ്റേറ്റ് ലൈബ്രറി ലൈബ്രറി കൗണ്‍സില്‍ എക്‌സി പി.വി.കെ.പനയാല്‍ നന്ദിയും പറഞ്ഞു.എന്റെ കേരളം വിപണന മേളയുടെ ഭാഗമായാണ് ഇത്തവണ കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. മെയ് 5,6,7 തീയതികളില്‍ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് പുസ്തകോത്സവം നടക്കുക. 55പ്രസാധകരുടെ 88 സ്റ്റാളുകള്‍ പുസ്തകോത്സവത്തിലുണ്ട്
പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ എഴുത്തുകാരുടെ ഒത്തുചേരലില്‍ രാജ് മോഹന്‍ നീലേശ്വരം ജില്ലയിലെ എഴുത്തുകാരുടെ പുതിയതായി ഇറങ്ങിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ഡോ.എം.ടി.ശശി കടലാസു പൂക്കളുടെ സുഗന്ധം, ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ ചിലന്തിവല, ജെയിംസ് സണ്ണിയുടെ ചെടികളുടെയും മരങ്ങളുടെയും ഇടയിലെ വീട് എന്നിവരുടെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്ത പുസ്തകങ്ങള്‍. പി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.വേണുഗോപാലന്‍, പി.ദാമോദരന്‍, എ.ആര്‍.സോമന്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, എം.പി.ശശി, ഡി.കമലാക്ഷ എന്നിവര്‍ സംസാരിച്ചു. ടി.രാജന്‍ സ്വാഗതവും സുനില്‍ പട്ടേന നന്ദിയും പറഞ്ഞു.
എഴുത്തും അനുഭവങ്ങളും പങ്കുവെച്ച് എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍
സാഹിത്യ ലോകത്തിലേക്കുള്ള ചുവടുവെപ്പുകളുടെ അനുഭവങ്ങള്‍ പങ്കുവെച്ച് എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍. എഴുത്തിന്റെ ലോകത്തെക്കുള്ള കൂടുമാറ്റത്തിന്റെ അനുഭവങ്ങളും വെല്ലുവിളികളും അദ്ദേഹം സദസിന് മുന്നില്‍ തുറന്ന് പറഞ്ഞു. മുന്‍പ് നമ്മള്‍ പുസ്തകങ്ങളെ അറിഞ്ഞത് നമ്മള്‍ വായനശാലകളില്‍ നിന്നും എടുത്ത് വായിച്ച പുസ്തകങ്ങളിലൂടെ ആയിരുന്നു. ടെക്‌നോളജിയുടെ കടന്ന് വരവിലൂടെ പുതിയ കാലത്ത് അതിന് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും വലിയ സാധ്യതകള്‍ തുറന്നിടുന്നതിനെപ്പം അത് വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുസ്തകങ്ങളുടെ രൂപത്തിലും ഭാവത്തിലും മാറ്റം സംഭവിച്ചിട്ടുണ്ട് അത് സ്വാഭാവിക മാറ്റമെന്ന് കണക്കാക്കി പുതിയ മാറ്റത്തിനൊപ്പം നമ്മള്‍ സഞ്ചരിക്കേണ്ടതുണ്ട്. പുസ്തകത്തിലായാലും സ്‌ക്രീനിലായാലും വായന എന്നതാണ് പ്രധാനം. നിരന്തമായി വായിക്കുന്നവര്‍ക്കെ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. അനുഭവ സമ്പത്താണ് ഒരു എഴുത്തുകാരന് പ്രധാനം. അത് സ്വന്തം അനുഭവങ്ങള്‍ ആകാം നമ്മള്‍ കേട്ട അനുഭവങ്ങള്‍ ആകാം. പുതിയ കാലത്ത് എഴുത്തുകാര്‍ക്ക് അനുഭവത്തിന്റെ അക്ഷയ ഗനി കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഒരു റെയില്‍വേ ഉദ്ദ്യേഗസ്ഥനായിട്ടും ജോലിക്കിടയിലെ ഏകാന്തതയാണ് തന്നെ വായനയിലേക്കും എഴുത്തിലേക്കും അടുപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് എന്ന സ്ഥലവുമായുള്ള അത്മബന്ധവും അദ്ദേഹം വ്യക്തമാക്കി.
കടമ്മനിട്ടയുടെ ഓര്‍മയിലൂടെ യാത്ര ചെയ്ത് ഡോ.കെ.എസ്.രവികുമര്‍
കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി നടത്തിയ പുസ്തകോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ്
കടമ്മനിട്ടയുമായുള്ള അത്മ ബന്ധം ഡോ.കെ.എസ്.രവികുമാര്‍ തുറന്ന് കാട്ടിയത്. 1977 ന്റെ തുടക്കത്തില്‍ 17 വയസുള്ള കാലത്ത് ഒരു സുഹൃത്താണ് കടമ്മനിട്ട രാമകൃഷ്ണനെ പരിചയപ്പെടുത്തുന്നത്. അന്ന് മുതല്‍ അദ്ദേഹം മരിക്കുന്നതു വരെ സുദീര്‍ഘമായ ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നതന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിലെ വീട്ടിലെ അംഗം തന്നെ ആയിരുന്നുവെന്നും ഏറ്റവും കൂടുതല്‍ ഭക്ഷണം കഴിച്ചതും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണെന്നും ഡോ.കെ.എസ്.രവികുമാര്‍ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് ഏറ്റവും ശക്തമായ വാക്കുകള്‍ കൊണ്ട് കവിതയിലൂടെ പ്രതിരോധിച്ച വ്യക്തിയും കടമ്മനിട്ടയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുമായി നല്ല ബന്ധമാണ് കടമ്മനിട്ട സൂക്ഷിച്ചിരുന്നത്. മലയാളം അറിയുന്നവരുടെയും അറിയാത്തവരുടെയും കവിയായിരുന്നു കടമ്മനിട്ട. തന്നെ സംബന്ധിച്ചിടത്തോളം എത്ര എഴുതിയാലും തീരാത്ത പുസ്തകമാണ് കടമ്മനിട്ടയെക്കുറിച്ചുള്ള പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. കവിതയെന്താണെന്ന് അറിയുന്നവര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്ന കവിയാണ് അദ്ദേഹമെന്നും ഡോ.കെ.എസ്.രവികുമാര്‍ പറഞ്ഞു.
No comments