Breaking News

കഥാകാരനെ തേടി കഥാപാത്രമെത്തി 45 വർഷങ്ങൾക്ക് ശേഷം. വെള്ളരിക്കുണ്ടിൽ നടന്ന സാഹിത്യകാരൻ സി വി ബാലകൃഷ്ണൻ ആദരിക്കൽ ചടങ്ങിനിടയിലാണ് ഈ അപൂർവ്വ സംഗമം


വെള്ളരിക്കുണ്ട് :ഓരോ വർഷവും ആയുസിന്റെ പുസ്തകത്തിൽ നിന്നും ഒരിതളുകൂടി കൊഴിഞ്ഞു പോകും എന്ന് പറയുമ്പോഴും വർഷങ്ങൾ കഴിയും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് സ്നേഹബന്ധം എന്ന് തെളിയിക്കുന്നതായിരുന്നു മലയോര സംസ്കാരിക വേദി വെള്ളരികുണ്ടിൽ സംഘടിപ്പിച്ച സാംസ്‌കാരിക സദസ്. സി വി ബാലകൃഷ്ണൻ മാസ്റ്ററുടെ ആയുസിന്റെ പുസ്തകം നാല്പ്ത് വർഷം പിന്നിടുമ്പോൾ ഒരുക്കിയ ആദരിക്കൽ ചടങ്ങിലേക്ക് ബാംഗ്ലൂരിൽ നിന്നും വന്ന 96 വയസ്സ്  കഴിഞ്ഞ തോമസ് കടവനെ പ്രേരിപ്പിച്ചത് സ്നേഹ ബന്ധത്തിന്റെ രസതന്ത്രം തന്നെ. സി വി ബാലകൃഷ്ണൻ മാസ്റ്ററുടെ കഥയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തികൂടിയാണ് തോമസ് കടവൻ. .വർഷങ്ങൾക്ക് മുൻപ് മലബാറിൽ കുടുംബസ്വത്ത്‌ ആയുള്ള ഭൂമിയിൽ കൃഷി ചെയ്യാൻ ആലപ്പുഴയിൽ നിന്നും വന്നിരുന്നപ്പോഴാണ് മാലോത്ത് കസബ സ്കൂളിലേ അദ്ധ്യാപകൻ കൂടി ആയിരുന്ന സി വി ബാലകൃഷ്ണൻ തോമസ് കടവനെ കണ്ടു മുട്ടുന്നത്. വാഹനവുo വൈദ്യുതിയും അന്യമായിരുന്ന നാളിലേ സ്നേഹം കാലത്തിനെയും അതിജീവിച്ച് ഇന്നും കത്തി ജ്വലിക്കുകയാണ്.മാലോത്ത് കസബ സ്കൂളിന് സമീപമുള്ള  തലാപ്പള്ളിൽ കുര്യൻ മാഷിന്റെ ലോഡ്ജിൽ താമസിക്കുമ്പോഴും, ചേർത്തലയിൽ നിന്നും ഇടക്ക് വന്നു പോകുന്ന തോമസുമായി ബാലകൃഷ്ണൻ മാഷിന് വലിയ ബന്ധമുണ്ടായിരുന്നു. അത്‌ തന്നെയാകണം ബാലകൃഷ്ണൻ മാഷ് രചിച്ച പുസ്തകത്തിൽ നാട്ടിൻ പുറത്തെ കഥാപാത്രമായി തോമസ് കടവനും ഇടം പിടിച്ചത്. നല്ല ഓർമ്മകൾ പുതുക്കിയാണ് ഇരുവരും പിരിഞ്ഞത്. മക്കൾ ആയ ലെസിലി,ലിനി, സിസിലിയും,ജോകുട്ടിയും തോമസ് കടവന് ഒപ്പം ഉണ്ടായിരുന്നു.ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും കഥാകാരനെ കാണാൻ തന്റെ പുസ്തകത്തിലെ ഒരു കഥാപാത്രം ദൂരെമേറെ താണ്ടി കഥാപരിസരമായ മലയോരത്ത് എത്തിയത് ബാലകൃഷ്ണൻ മാഷിനും വേറിട്ട അനുഭവമായി . 

No comments