Breaking News

മലയോര മേഖലയിലൂടെ പുതുതായി ആരംഭിച്ച കെഎസ്ആർടിസി സൂപ്പർഫാസ്റ്റുകൾ 
ഫാസ്റ്റാക്കണം


കാഞ്ഞങ്ങാട് : മലയോര മേഖലയിലൂടെ പുതുതായി ആരംഭിച്ച തൃശൂർ, ഗുരുവായൂർ കെഎസ്ആർടിസി സർവീസുകൾ ജനോപകാരപ്രദമായ രീതിയിൽ സമയം ക്രമീകരിക്കണമെന്ന് ആവശ്യം.
കൂടുതൽ സ്റ്റോപ്പുകളിൽ നിന്ന് കയറാനും സാധാരണക്കാർക്ക് ചിലവ് കുറഞ്ഞ് യാത്ര ചെയ്യാനും ഫാസ്റ്റ് പാസഞ്ചറായി മാറ്റണമെന്നും മലയോര മേഖലയിൽ നിന്ന് കൂടുതൽ സർവീസുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ എംഎൽഎമാർക്കും സിഎംഡിക്കും നിവേദനം നൽകി. മഞ്ചേരി, ഓമശ്ശേരി, താമരശ്ശേരി, കുറ്റ്യാടി, നാദാപുരം, പെരിങ്ങത്തൂർ പ്രദേശങ്ങളിലെ വിവിധ സംഘടനകളും സമാന ആവശ്യമുയർത്തുന്നുണ്ട്. പെരിന്തൽമണ്ണ, മഞ്ചേരി, താമരശ്ശേരി, കുറ്റ്യാടി, പേരാമ്പ്ര, മട്ടന്നൂർ, ഇരിട്ടി, പയ്യാവൂർ, ചെമ്പേരി, ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കൽ, വെള്ളരിക്കുണ്ട്, പരപ്പ, ചുള്ളിക്കര, കുറ്റിക്കോൽ തുടങ്ങിയ 70ലധികം മലയോര ടൗണുകൾക്ക് ഉപകാരപ്രദമായ സർവീസാണിത്. വയനാട് ജില്ലയെ ബന്ധപ്പെടുത്തിയും തലശ്ശേരി, തളിപ്പറമ്പ്, ആലക്കോട് വഴിയും, തലശ്ശേരി, മട്ടന്നൂർ, ഇരിട്ടി, പയ്യാവൂർ, നടുവിൽ, ആലക്കോട്, ചെറുപുഴ വഴിയും, ശ്രീകണ്ഠാപുരം, ഇരിക്കൂർ, അഞ്ചരക്കണ്ടി, പിണറായി വഴിയും കൂടുതൽ സർവീസുകൾ അനുവദിക്കണമെന്നും ആവശ്യമുണ്ട്.
ദേശീയ പാതയിൽ മാത്രം ഓടുന്ന ബസിനെക്കാളും മലയോര മേഖലയിൽ നിന്നുള്ള കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലേക്കുള്ള സർവീസുകൾക്ക്‌ മികച്ച വരുമാനം ലഭിക്കുന്നുണ്ട്.

മൂന്നാർ ട്രിപ്പ്‌ ഇന്ന്
കാസർകോട്‌ നിന്നും മൂന്നാറിലേക്ക്‌ കെഎസ്‌ആർടിസിയുടെ ടൂറിസം ട്രിപ്പ്‌ ശനിയാഴ്‌ചയുണ്ടാകും. പകൽ മൂന്നിന്‌ തിരിക്കും. 23ന്‌ രാവിലെ തിരിച്ചെത്തും. ആദ്യദിനം ഫോട്ടോ പോയിന്റ്‌, ടോപ്പ്‌ സ്‌റ്റേഷൻ, ഇക്കോ പോയിന്റ്‌, കുണ്ടള ഡാം, മാട്ടുപ്പെട്ടി, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവ സന്ദർശിക്കും രണ്ടാം നാൾ ഇരവികുളം, മറയൂർ, ചന്ദനക്കാട്‌ എന്നിവ സന്ദർശിക്കും. യാത്രയും താമസവുമടക്കം ഒരാൾക്ക്‌ 3250 രൂപയാണ്‌ നിരക്ക്‌. വിളിക്കാം: 9405694525, 9446862282.


No comments