കൊന്നക്കാട്: കോട്ടഞ്ചേരി വനാതിർത്തിയിലെ പാമത്തട്ടിൽ കരിങ്കൽ ഖനനത്തിന് അനുമതി നൽകാൻ ബളാൽ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചു. ജൂലായ് അഞ്ചിലെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ക്വാറി തുടങ്ങാനുള്ള അപേക്ഷ സമരസമിതിയുടെ എതിർപ്പിനെ തുടർന്ന് നേരത്തേ ഭരണസമിതി ഏകകണ്ഠമായി തള്ളിയിരുന്നു. ശനിയാഴ്ച 14 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ മൂന്നംഗങ്ങളുടെ വിയോജിപ്പോടെയാണ് ക്വാറി അനുകൂല തീരുമാനം. എട്ടാംവാർഡംഗം പി.സി.രഘുനാഥനും 10-ാം വാർഡംഗം മോൻസി ജോയിയും നടപടിവീഴ്ചകൾ ചൂണ്ടിക്കാട്ടിയതിനൊപ്പം പുനഃപരിശോധനാഹർജി നൽകണമെന്ന് ആവശ്യപ്പെട്ടു. ഒൻപതാം വാർഡംഗം ബിൻസി ജെയിൻ മലയടിവാരത്തെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാകുമെന്ന് വിയോജനക്കുറിപ്പിൽ അറിയിച്ചു.
പ്രശ്നം കോടതിയിലെത്തിയത് ഭരണസമിതിയിൽനിന്നും മറച്ചുവെച്ചുവെന്ന്് രണ്ടംഗങ്ങൾ പരാതിപ്പെട്ടു. കേസിൽ വക്കാലത്ത് ഏൽപ്പിക്കുന്നതുൾപ്പെടെയുള്ളവയിൽ ചട്ടലംഘനം നടത്തിയ സെക്രട്ടറിക്കെതിരേ നിയമനടപടിയെടുക്കണമെന്ന് പി.സി.രഘുനാഥൻ വിയോജനക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വൈസ് പ്രസിഡണ്ട് എം.രാധാമണി അധ്യക്ഷതവഹിച്ചു. അലക്സ് നെടിയകാലയിൽ, ടി.അബ്ദുൾഖാദർ, സന്ധ്യ ശിവൻ, ജോസഫ് വർക്കി എന്നിവർ സംസാരിച്ചു.
No comments