Breaking News

അതിതീവ്ര മഴ: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യത; റവന്യൂമന്ത്രി ഉന്നതതല യോഗം വിളിച്ചു


തിരുവനന്തപുരം: അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിളിച്ച യോഗത്തിൽ എല്ലാ ജില്ലകളിലെയും കളക്ടർമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. അതേസമയം മഴക്കെടുതികൾ നേരിടുന്നതിനായി റവന്യൂ, പോലീസ്, തദ്ദേശ സ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവർക്കുള്ള പ്രത്യേക നിർദേശവും പുറപ്പെടുവിച്ചു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പ് നടത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. 'ഓറഞ്ച് ബുക്ക് 2023' മാർഗ്ഗരേഖയ്ക്ക് അനുസൃതമായി ജില്ലയിൽ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും സദാസമയവും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

മഴ സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം അനുസരിച്ച് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് ഉള്ളത്. 24 മണിക്കൂറിൽ  204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.

ഓറഞ്ച് അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മറ്റന്നാളും ഓറഞ്ച് അലർട്ടാണ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ജൂലൈ 5 ന് കോഴിക്കോട് ജില്ലയിൽ  കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴ (മണിക്കൂറിൽ 204.4  മില്ലിമീറ്ററിൽ കൂടുതൽ മഴ) ലഭിക്കാൻ സാധ്യതയുണ്ട്. 
 
മഞ്ഞ അലർട്ട്

നാളെ കൊല്ലം ജില്ലയിലും മറ്റന്നാൾ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ടാണ്. ജൂലൈ ഏഴിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് വിവരം.


കാസർകോട് ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു,

അതിതീവ്ര മഴയ്ക്ക് സാധ്യത ജനങ്ങൾ ജാഗ്രത പാലിക്കണം,


കൺട്രോൾ റൂം തുറന്നു 

കളക്ടറേറ്റ് 

ലാൻഡ് ഫോൺ : 04994-257700 മൊബൈൽ : 9446601700


താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ


കാസറഗോഡ്- 04994-230021/ 9447030021


മഞ്ചേശ്വരം - 04998-244044/ 8547618464


ഹോസ്ദുർഗ്- 04672-204042/ 9447494042


വെള്ളരിക്കുണ്ട്- 04672-242320/ 8547618470

No comments