പ്രശ്‌നങ്ങൾ കണ്ടും കേട്ടും ജില്ലാ കളക്ടർ പനത്തടി ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി പനത്തടി കേന്ദ്രീകരിച്ച് വില്ലേജ് ഓഫീസ് ആരംഭിക്കണമെന്ന് ആവശ്യം
പനത്തടി: പനത്തടി ഗ്രാമപഞ്ചായത്തിലെ ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പേശേഖറിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗങ്ങളും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ നടത്തുന്ന പഞ്ചായത്ത് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഞായറാഴ്ച്ച അദ്ദേഹം പനത്തടി ഗ്രാമ പഞ്ചായത്തിലെത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി എം.സുരേഷ് കുമാര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് സംസാരിച്ചു. തുടര്‍ന്ന് പഞ്ചായത്തിലെ 15 വാര്‍ഡ് അംഗങ്ങളും, തങ്ങളുടെ പ്രദേശത്ത് ആവശ്യമായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഫണ്ട് ലഭ്യമാകാത്ത സാഹചര്യം, പനത്തടി കേന്ദ്രീകരിച്ച് വില്ലേജ് ഓഫീസ് ആരംഭിക്കണം, വൈദ്യുതീകരണം നടത്താത്തതിനാല്‍ ഉദ്ഘാടനം നീളുന്ന പ്രാന്തര്‍കാവ് ജി.യു.പി സ്‌കൂളിലെ കെട്ടിടം, പട്ടയം ലഭിക്കാത്ത കുടുംബങ്ങള്‍, തെരുവു വിളക്ക്, പൊതു ശ്മശാനത്തിനായി ഭൂമി കണ്ടെത്തല്‍, തെരുവ് നായ ശല്യം, പട്ടിക വര്‍ഗ മേഖലയിലെ വിദ്യാര്‍ഥികളുടെ യാത്ര പ്രശ്‌നം, പനത്തടി ബഡ്‌സ് സ്‌കൂളിലെ ജീവനക്കാരുടെ അഭാവം, റോഡ് നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കളക്ടര്‍ക്ക് മുന്നില്‍ അംഗങ്ങള്‍ അവതരിപ്പിച്ചു.
No comments