എഫ്ബിയിലൂടെ പരിചയം, യുപിയിലെത്തി ബംഗ്ലാദേശി യുവതി; മകന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് അമ്മ
ലഖ്നൗ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കുന്നതിനായി ബംഗ്ലാദേശിൽ നിന്നുള്ള സ്ത്രീ ഇന്ത്യയിലെത്തി. ജൂലി എന്ന സ്ത്രീയാണ് അജയ് എന്ന കാമുകനെ കാണുവാൻ ഉത്തർപ്രദേശിലെ മൊറാദാബാദിലേക്ക് എത്തിയത്. പിന്നീട് ഇരുവരും ബംഗ്ലാദേശിലേക്ക് പോയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ബംഗ്ലാദേശിൽ എത്തിയ ശേഷം ജൂലി യുവാവിന്റെ രക്തത്തിൽ കുതിർന്ന തരത്തിലുള്ള ചിത്രങ്ങൾ അയക്കുകയും പരിഭ്രാന്തി പരത്തുകയും ചെയ്തതായി യുവാവിന്റെ അമ്മ പറഞ്ഞു. തുടർന്ന് തന്റെ മകന്റെ സുരക്ഷ ഉറപ്പാക്കാൻ അഭ്യർത്ഥിച്ച് മൊറാദാബാദ് പൊലീസിൽ അപേക്ഷ നൽകിയതായും മാതാവ് പറഞ്ഞു. മൊറാദാബാദ് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. മകനെ രക്ഷിക്കാനും തിരികെ കൊണ്ടുവരാനും യുവാവിന്റെ അമ്മ മൊറാദാബാദ് എസ്‍പിക്ക് അപേക്ഷ നൽകിയതായും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ് എന്നും മൊറാദാബാദ് പൊലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
നേരത്തെ ഇതിന് സമാനമായി പബ്‌ജി ഗെയിമിലൂടെയുള്ള പ്രണയത്തിനൊടുവില്‍ പാകിസ്താനി യുവതി ഇന്ത്യയിലെത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. നോയിഡ സ്വദേശി സച്ചിനുമായി പബ്ജി ഗെയിമിലൂടെ പ്രണയത്തിലായ സീമ ഹൈദർ എന്ന യുവതി നാലുകുട്ടികള്‍ക്കൊപ്പം മേയ് മാസത്തിലാണ് ഇന്ത്യയിലെത്തിയത്. നേപ്പാള്‍ വഴി അനധികൃതമായി രാജ്യത്ത് പ്രവേശിച്ച സീമ കാമുകനൊപ്പം വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെ ഇരുവരും നിയമപരമായി വിവാഹം കഴിക്കാനുള്ള ശ്രമം നടത്തിയതോടെ യുവതി പാകിസ്താന്‍ സ്വദേശിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സീമ ഹൈദറിനെയും ഇവരെ സഹായിച്ച കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങി.
No comments