കാസർഗോഡ് മേൽപ്പറമ്പിൽ നിന്നും കാണാതായ ടാക്‌സി ഡ്രൈവറുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
കാസർകോട്: മേൽപറമ്പിൽ നിന്ന് കാണാതായ ടാക്‌സി ഡ്രൈവറുടെ മൃതദേഹം ചന്ദ്രഗിരി പുഴയിൽ കണ്ടെത്തി. ചട്ടഞ്ചാലിലെ ടാക്സി ഡ്രൈവറും തെക്കിൽ മന്യം സ്വദേശിയുമായ എ ശ്രീധരന്റെ (45) മൃതദേഹം ആണ് ശനിയാഴ്ച രാവിലെ 11 മണിയോടെ ചന്ദ്രഗിരി പാലത്തിന് ഏതാനും മീറ്റർ അകലെ കണ്ടെത്തിയത്.
ശ്രീധരന്റെ ടാക്സി കാർ ചന്ദ്രഗിരി പാലത്തിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇയാൾ പുഴയിൽ ചാടിയതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ മുതൽ പൊലീസും ഫയർഫോഴ്‌സും പ്രദേശവാസികളും മീൻ തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ശനിയാഴ്ച രാവിലെ മുതൽ റെസ്ക്യൂ സേനാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ചന്ദ്രഗിരി പാലത്തിന് ഏതാനും മീറ്ററുകൾ അകലെ നിന്ന് തന്നെ മൃതദേഹം കണ്ടുകിട്ടിയത്. മൃതദേഹം തളങ്കര ഹാർബറിൽ എത്തിച്ച് പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റും.
ശ്രീധരനെ കാണാതായതുമായി ബന്ധപ്പെട്ട് മേൽപറമ്പ് പൊലീസ് മിസിംഗിന് കേസെടുത്തിരുന്നു. തുടർനടപടികൾ സ്വീകരിക്കുന്നതിനായി മേൽപറമ്പ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ കാസർകോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ശ്രീധരൻ പുഴയിൽ ചാടിയതെന്നാണ് സംശയം.
No comments