യൂത്ത് ലീഗിന് പോപ്പുലർ ഫ്രണ്ട് സ്വഭാവം കൈവരുന്നത് ആശങ്കാവഹം : എഐവൈഎഫ്
കാസര്‍കോട്: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം തീവ്ര മുസ്ലീം വർഗീയവാദികൾ മറ്റു സംഘടനകളിലേക്ക് നുഴഞ്ഞു കയറിയതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് യൂത്ത് ലീഗ് നടത്തിയ പ്രകടനത്തിലെ മുദ്രാവാക്യം. പൊതുവേ മതേതര സ്വഭാവം വെച്ച് പുലർത്താറുള്ള യൂത്ത് ലീഗില്‍ അടുത്ത കാലത്ത് വർഗീയ പ്രവണതകൾ ഏറി വരുന്നത് ആശങ്കജനകമാണ്. മണിപ്പൂരിലെ കലാപം ഹിന്ദു -ഹിന്ദുഇതര വിഭാഗങ്ങൾ തമ്മിലുള്ള മതകലാപമായി ചിത്രീകരിക്കാനുള്ള ശ്രമം വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരം ശ്രമം നടത്തുന്നവർ സംഘ പരിവാർ അജണ്ടകൾക്ക് ഊർജ്ജമേകുകയാണ്. യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ വിളിച്ച മുദ്രാവാക്യം തീവ്രവാദ സ്വഭാവമുള്ളതും, മതേതര നാടിന് അപമാനകരവുമാണ്. ഇത്തരം ആളുകളെ സംഘടനകളിൽ നിന്നും മാറ്റി നിർത്താൻ എല്ലാ സംഘടനകളും ശ്രദ്ധിക്കണം. യൂത്ത് ലീഗ് മാർച്ചിലെ മുദ്രാവാക്യം സംഘ പരിവാർ നേതൃത്വത്തിൽ വ്യാപകമായി പ്രചരിക്കപ്പെടുകയാണ്.വർഗീയ മുദ്രാവാക്യം വിളിച്ച മുഴുവൻ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയും ഗൗരവമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് ചെയ്യണം.ഒരു വർഗീയ കലാപത്തിന്റെ മുറിവുണങ്ങാത്ത കാഞ്ഞങ്ങാട്ട് വർഗീയ ചേരി തിരിവുണ്ടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തു തോൽപ്പിക്കാൻ പുരോഗമന മതേതര പ്രസ്ഥാനങ്ങങ്ങൾ മുന്നിട്ടിറങ്ങണമെന്ന് എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് അജിത്ത് എം സി സെക്രട്ടറി എം ശ്രീജിത്ത് എന്നിവർ പ്രസ്താവിച്ചു.
No comments