Breaking News

മോഷണത്തിനിടെ ചുവരിൽ സിനിമാ ഡയലോഗെഴുതി സമയം പോയി, 'ബിഗ് ബി' ആരാധകനായ കള്ളൻ പിടിയിൽ




ഇന്‍ഡോര്‍: മോഷ്ടിക്കാന്‍ കയറിയ വീടിന്‍റെ ചുവരില്‍ സിനിമാ ഡയലോഗുകള്‍ എഴുതി നേരം പോയതറിഞ്ഞില്ല, വീട്ടുകാര്‍ കള്ളനെ പിടികൂടി. ഇന്‍ഡോറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. കടുത്ത അമിതാഭ് ബച്ചന്‍ ആരാധകനെന്ന് സംശയിക്കുന്ന കള്ളന്റെ ഭിത്തിയിലെ കലാസൃഷ്ടികളില്‍ അഗ്നിപഥ് അടക്കമുള്ള ചിത്രങ്ങളുടെ പേരും ബിഗ് ബിയുടെ പ്രശസ്തമായ ഡയലോഗുകളും ഉള്‍പ്പെടുന്നുണ്ട്. വിജയ് യാദവ് എന്ന യുവാവാണ് പിടിയിലായിട്ടുള്ളത്.

സോനു യാദവ് എന്ന സഹ കള്ളനൊപ്പം കോര്‍പ്പറേറ്റ് സ്ഥാപന ഉടമയായ അന്‍വര്‍ കാദ്രിയുടെ ഇന്‍ഡോറിലെ ജൂന റിസാലയിലെ വീട്ടിലാണ് വിജയ് യാദവ് മോഷണത്തിനെത്തിയത്. കുറച്ച് പണവും സ്വര്‍ണവും വെള്ളിയും കിട്ടിയതോടെ സോനു മോഷണം നിര്‍ത്തി മടങ്ങി. എന്നാല്‍ ആഡംബര ബംഗ്ലാവിലെ ചുവടുകള്‍ ആകര്‍ഷകമായി തോന്നിയതോടെ വിജയ് വീടിനുള്ളില്‍ തുടരുകയായിരുന്നു. വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയ സ്കെച്ച് പെന്നുകളുപയോഗിച്ച് ചുവരുകളില്‍ ചിത്രം വരയ്ക്കുകയും എഴുതാനും തുടങ്ങിയ ഇയാള്‍ ഇതില്‍ മുഴുകിയ വിജയ് സമയം പോയതറിഞ്ഞില്ല.




ഇതിനിടെ ഹാളില്‍ വച്ചിരുന്ന ഗ്ലാസ് നിര്‍മ്മിതമായ ഷീറ്റ് ഇയാളുടെ കൈ തട്ടി താഴെ വീണ് പൊട്ടിയതോടെ വീട്ടുകാര്‍ ഉണര്‍ന്നു. ഇതോടെയാണ് കള്ളന്‍ പിടിയിലായത്. ഇന്‍ഡോര്‍ എസിപി രാജീവ് ബഡോരിയ ആണ് ഇയാളെ അറസ്റ്റ് ചെയ്ത വിവരം വിശദമാക്കിയത്. ഒപ്പമുണ്ടായിരുന്ന ആളെ കുറിച്ച് വിവരം നല്‍കിയെങ്കിലും ഇയാളെ ഇനിയും കണ്ടെത്തിയിട്ടില്ല.

No comments