ഓണക്കാലമായതോടെ കുടവയറന്മാർക്ക് വൻ ഡിമാന്റ് മാവേലി വേഷം കെട്ടാൻ പ്രതിഫലം ദിവസം 4500 രൂപ വരെ
കാസർകോട് : ഓണക്കാലമായതോടെ കുടവയറന്മാര്‍ക്ക് വൻ ഡിമാൻഡ്. ഓണം അടുത്തതോടെ മാവേലിയുടെ വേഷം കെട്ടാനാണ് കുടവയറന്മാരെ വൻ ഷോപ്പിംഗ് മാളുകള്‍ മുതല്‍ ചെറു ടെക്സ്റ്റൈല്‍സുകള്‍ വരെ തേടുന്നത്.
വൻ ഓഫറുകളുമായി വിപണി പിടിക്കാൻ മത്സരിക്കുന്ന സ്ഥാപനങ്ങള്‍ നല്ലൊരു മാവേലിയെ കിട്ടാൻ എത്രപണം നല്‍കാനും ഒരുക്കമാണത്രെ.
ദിവസവും 3000 രൂപ മുതല്‍ 4500 രൂപ വരെയാണ് മാവേലിയായി വേഷം കെട്ടുന്ന കുടവറന്മാര്‍ക്ക് പ്രതിദിന പ്രതിഫലം. മാവേലി വേഷം കെട്ടി എല്ലാവരെയും അനുഗ്രഹിക്കല്‍ മാത്രമാണ് ജോലി. ഓണക്കാലത്ത് ഇതിനേക്കാള്‍ വരുമാനം കിട്ടുന്ന മറ്റൊരു തൊഴിലില്ലെന്നതാണ് വാസ്തവം.
ഉപഭോക്താക്കളെ ആകര്‍ഷിക്കാൻ വേഷം കെട്ടി നിന്നാല്‍ മാത്രം മതി. വേഷമൊക്കെ കമ്പനി തന്നെ നല്‍കും. കാതില്‍ നീളത്തിലുള്ള കമ്മലും കിരീടവും ഓലക്കുടയും കുടവയര്‍ കുലുക്കിയും നിന്നാല്‍ ഉപഭോക്താക്കള്‍ കടയിലേക്ക് വരുമെന്നും കച്ചവടക്കാര്‍ പറയുന്നു. സ്ഥാപനങ്ങളിലേക്ക് വരുന്നവര്‍ക്ക് അനുഗ്രഹം ചൊരിയുകയും സെല്‍ഫികള്‍ക്ക് പോസ് ചെയ്യുകയും ചെയ്യേണ്ടിവരും.
പല സ്ഥാപനങ്ങളും പത്ത് ദിവസം മുതല്‍ 20 ദിവസം വരേക്കാണ് കരാര്‍ ഉറപ്പിക്കുന്നത്. അതു വരെ വേഷമിട്ട് നില്‍ക്കണം എന്ന് മാത്രം. സ്ഥിരമായി വേഷം കെട്ടുന്നവര്‍ പല സ്ഥാപനങ്ങള്‍ക്കും വേണ്ടി മാവേലിയായതോടെ പല ക്ലബുകളും സംഘടനകളും മാവേലിക്കായി നെട്ടോട്ടമോടേണ്ടി വരും
രണ്ട് വര്‍ഷം മുമ്പ് മാവേലി വേഷം കെട്ടാൻ ആളെ അന്വേഷിച്ച് പത്ര പരസ്യം വരെ കൊടുത്ത കമ്പനികളുണ്ട്. ഒരു പ്രമുഖ പത്രത്തില്‍ 'മാവേലിയെ ആവശ്യമുണ്ട്' എന്ന പേരില്‍ വന്ന പരസ്യം വലിയ ചര്‍ച്ചയായിരുന്നു. നല്ല വണ്ണവും, വയറും ഉള്ള മാവേലിയെ തേടി ശമ്പളമടക്കം വാഗ്ദാനം ചെയ്തുള്ള പരസ്യം സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.
No comments