കുറ്റിക്കോൽ കാവുങ്കാലിൽ വീട്ടുകാർ മൂകാംബിക ക്ഷേത്രദർശത്തിന് പോയ സമയത്ത് വീട്ടിൽ കവർച്ച ; എട്ട് പവൻ സ്വർണവും 58,000 രൂപയും കവർന്നു
കുറ്റിക്കോൽ : കുറ്റിക്കോൽ പഞ്ചായത്തിലെ കാവുങ്കാലിൽ അടഞ്ഞുകിടന്ന വീട്ടിൽനിന്ന് എട്ട് പവൻ സ്വർണവും 58,000 രൂപയും കവർന്നു. ബന്തടുക്കയിൽ കച്ചവടം നടത്തുന്ന പി. മണിയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. സംഭവസമയത്ത് വീട്ടിൽ ആളുകളുണ്ടായിരുന്നില്ല.
മണിയും ഭാര്യ സൗമ്യയും രണ്ട് മക്കളും സഹോദരിയും മക്കളും കൊല്ലൂർ മൂകാംബിക ക്ഷേത്രദർശത്തിന് പോയ സമയത്താണ് മോഷണം. മണിയുടെ വല്യമ്മ കെ. കാർത്യായനിയമ്മ വീട്ടിൽ ഒറ്റയ്ക്കായതിനാൽ മണിയുടെ സഹോദരൻ സുധീറിന്റെ വീട്ടിലായിരുന്നു രാത്രി തങ്ങിയത്. രാവിലെ 6.30-ന് കാർത്യായനിയമ്മ വീട്ടിലെത്തിയപ്പോഴാണ് വാതിൽ തകർത്തനിലയിൽ കണ്ടത്. രണ്ട് മുറികളിലായി ഉണ്ടായിരുന്ന രണ്ട് അലമാരകളും കുത്തിത്തുറന്നിരുന്നു. കാർത്യായനിയമ്മയുടെ അലമാരയിൽനിന്ന് നാലര പവൻ വരുന്ന മാലയും മോതിരവും 30,000 രൂപയും നഷ്ടപ്പെട്ടു.മണിയുടെ അലമാരയിൽനിന്ന് കുട്ടികളുടെ കൈ ചെയിൻ, 13 ചെറിയ മോതിരങ്ങൾ, ഒരു മാല എന്നിവയും 28,000 രൂപയും നഷ്ടമായി.ക്ഷേത്രദർശനം കഴിഞ്ഞ് ഞായറാഴ്ച രാവിലെ 11-ഓടെയാണ് മണിയും കുടുംബവും വീട്ടിൽ തിരിച്ചെത്തിയത്. ബേഡകം പോലീസ് സംഭവസ്ഥലത്തെത്തി. തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി.
സമീപപ്രദേശങ്ങളിലുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
No comments