നല്ല റോഡുണ്ട് ബസ് സർവീസ് ഇല്ല ; മലയോരമേഖലയിൽ നിന്നും മുക്കട, പാറക്കോൽ, അരയാക്കടവ് വഴി നീലേശ്വരത്തേക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം
എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ. കോളേജിലെ അറുനൂറോളം വിദ്യാർഥികളും, ജീവനക്കാരും ഏറെ പ്രയാസങ്ങൾ സഹിച്ചാണ് കോളേജിലെത്തുന്നത്. മുക്കട, പാറക്കോൽ, അരയാക്കടവ് വഴി ബസ് സർവീസ് ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
തേജസ്വിനിപ്പുഴയോരം ചേർന്ന് മുക്കടയിൽനിന്നും പാറക്കോൽ വഴി കണിയാടവരെ തീരദേശ റോഡ് യാഥാർഥ്യമായെങ്കിലും ഇവിടുത്തുകാരുടെ യാത്രാ ദുരിതത്തിന് പരിഹാരമായില്ല. ഇത്രയുംകാലം റോഡില്ലാത്ത പ്രശ്‌നമായിരുന്നു. മുക്കട, കുണ്ടൂർ , പുല്ലാഞ്ഞിയോട്ട്, വടക്കെ പുലിയന്നൂർ, ചെറുപ്പക്കോട്, മനയം കോട് തളിയമ്മാട, അണ്ടോൾ, കാവു തിയോട്ട്, മെട്ടക്കുന്ന്, വേളൂർ, കീഴ്മാല, മണ്ടംവളപ്പ്, കിനാനൂർ, - കോളിക്കാൽ അരയാക്കടവ്, കണിയാട പ്രദേശങ്ങളിലുള്ളവർക്ക് ഇന്നും യാത്ര ദുരിതമാണ് . വലിയകയറ്റം കയറി കിലോമീറ്ററുകൾ നടന്നാലെ നീലേശ്വരം–-- ഭീമനടി റോഡിലെ കാലിച്ചാമരം, കോയിത്തട്ട, കരിന്തളം, തോളെനി, തലയടുക്കം, കൊല്ലമ്പാറ, കിനാനൂർ റോഡ്, ചോയ്യങ്കോട്, നരിമാളം, ചായ്യോം എന്നിവിടങ്ങളിലെത്താനാവൂ.
വിദ്യാർഥികൾ, ജീവനക്കാർ, തൊഴിലാളികൾ, കർഷകർ തുടങ്ങിയവർ വലിയതുക നൽകിയാണ് ഓട്ടോയിലും മറ്റുമായി യാത്രചെയ്യുന്നത്. കാർഷികവിളകൾ വ്യാപാരകേന്ദ്രങ്ങളിലെത്തിക്കാനും പ്രയാസം നേരിടുന്നു.
മുമ്പ് തേജസ്വിനിപ്പുഴയിലൂടെ യഥേഷ്ടം ബോട്ടുകളും ചീനകളും സർവീസ് നടത്തിയിരുന്നു. ഇത് കർഷകർക്ക് ഏറെ ഗുണകരമായിരുന്നു.
പശ്ചിമഘട്ട വികസനപദ്ധതിയിലും ചന്ദ്രഭാനു കമീഷൻ റിപ്പോർട്ടിലുംമുന്തിയ പരിഗണന നൽകി വർഷങ്ങൾക്കുമുമ്പേ തേജസ്വിനിപ്പുഴക്ക് കുറുകെ മുക്കടയിലും അരയാക്കടവിലും പാലങ്ങളും നിർമിച്ചിട്ടുണ്ട്. അരയാക്കടവിലൂടെ അത്യാവശ്യം ബസ്സുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും മുക്കടയിലൂടെ ബസ്സില്ല.
നീലേശ്വരത്തുനിന്നും അരയാക്കടവ് –-മുക്കട–- കുന്നംകൈ –-ഭീമനടി വഴി എളേരിത്തട്ട് കോളേജിലേക്ക് ബസ് അനുവദിച്ചാൽ പ്രദേശവാസികൾക്ക് ഏറെ ഗുണകമാകും. കാസർകോട് ഡിപ്പോയിൽനിന്ന് കെഎസ് ആർ ടി സി ബസ് അനുവദിക്കണമെന്നാണ് പ്രധാനആവശ്യം. ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി എം രാജഗോപാലൻ എംഎൽഎയുടെ നേതൃത്വത്തിൽ ഗതാഗതമന്ത്രിയ്ക്ക് നിവേദനം നൽകും.
No comments