Breaking News

താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ വായനശാല കെട്ടിടത്തിനുള്ള കാത്തിരിപ്പ് നീളുന്നു


വെള്ളരിക്കുണ്ട്: ഒരുകാലത്ത് അക്ഷരപ്രേമികളുടെ സംഗമ വേദിയായിരുന്ന വെള്ളരിക്കുണ്ട് സഹൃദയ വായനശാല അധികൃതരുടെ പരിഗണന കിട്ടാതെ നശിച്ച് നാമാവശേഷമായിരിക്കുകയാണ്. വായനശാലയുടെ കെട്ടിടം പൂർണമായി തകർന്നടിഞ്ഞിട്ട് വർഷങ്ങളായി, ഇപ്പോൾ കെട്ടിടംനിന്നിരുന്ന സ്ഥലംപോലും തിരിച്ചറിയാൻ കഴിയാത്തവിധം കാടുപിടിച്ചു കിടക്കുകയാണ്.പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്ന പുസ്തകങ്ങളിൽ ഏറെയും ചിലതരിച്ചും മഴനനഞ്ഞുമൊക്കെ നശിച്ചു. മിച്ചംകിട്ടിയ പുസ്തകങ്ങൾ വെള്ളരിക്കുണ്ടിലെ ഒരു വാടകമുറിയിലേക്ക് മാറ്റിയിട്ടുണ്ട്. വാടകമുറിയിലേക്ക് മാറിയിട്ട് ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞിട്ടും ഇതുവരെ പുതിയ കെട്ടിടം യാഥാർത്ഥ്യമായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.കണ്ണൂർ എം.പി കെ.കെ രാഗേഷിൻ്റെ എം.പി ഫണ്ടിൽ നിന്നും വായനശാല കെട്ടിടത്തിനായി ഇരുപത് ലക്ഷം രൂപ അനുവദിച്ചതായും തുടർനടപടികൾ പൂർത്തീകരിച്ച് ഇനി ടെണ്ടർ നടപടി മാത്രമെ ബാക്കിയുള്ളു എന്നാണ് നിലവിലെ വായനശാല ഭാരവാഹികൾ പറയുന്നത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്ന സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീണ്ടുപോകാതെ എത്രയും പെട്ടെന്ന് പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കാൻ ശക്തമായ സമ്മർദ്ദം കൂടിയേ തീരു.ഒരുകാലത്ത് മലയോരത്തെ പുസ്തകപ്രേമികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും പ്രധാന പ്രവർത്തന കേന്ദ്രമായിരുന്നു സഹൃദ വായനശാല. രാഷ്ട്രീയ കക്ഷി ഭേദമന്യേ കുട്ടികൾ മുതൽ പ്രായമായവർ വരെ വന്നിരുന്ന് സംവദിച്ചിരുന്ന വായനശാലയാണ് തകർന്ന് നാമാവശേഷമായത്.പണ്ടുകാലത്ത് വെള്ളരിക്കുണ്ടുകാർക്ക് ഓണാഘോഷമെന്ന് പറഞ്ഞാൽ സഹൃദയ വായനശാലയിലായിരുന്നു. ഒരാഴ്ച്ച നീളുന്ന വിവിധ കലാകായിക സാഹിത്യ മത്സരങ്ങൾ കൊണ്ട് ഉത്സവാന്തരീക്ഷം തീർത്ത നാടിൻ്റെ സാംസ്ക്കാരിക കേന്ദ്രമായിരുന്നു സഹൃദയ വായനശാല.1970ലാണ് വെള്ളരിക്കുണ്ടിൽ വായനശാല ആരംഭിച്ചത്. ആ കാലഘട്ടത്തിൽത്തന്നെ സൗജന്യമായി ലഭിച്ച മൂന്നുസെന്റ് സ്ഥലത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിടവും നിർമിച്ചു. തുടർന്ന് വായനശാലയിലേക്ക് ആവശ്യമായ പുസ്തകങ്ങളും ശേഖരിച്ചു. തുടക്കത്തിൽ ഒട്ടേറെപ്പേർ അംഗങ്ങളായിരുന്നെങ്കിലും പിന്നീട് പലരും പിൻവാങ്ങി. ഇതോടെ വായനശാലയുടെ പ്രവർത്തനവും നിലച്ചുതുടങ്ങി. പിന്നീടങ്ങോട്ട് ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥകൂടിയായപ്പോൾ വായനശാലയുടെ പ്രവർത്തനം പൂർണമായും നിലച്ചു. താലൂക്ക്‌ ആസ്ഥാനത്ത് എത്രയും പെട്ടെന്ന് ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു വായനശാല കെട്ടിടം പൂർത്തിയാക്കണമെന്നും സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികളടക്കമുള്ളവർക്ക്‌ ഏറെ ഉപകാരപ്രദമായ വായനശാല എത്രയും പെട്ടന്ന് പുനർനിർമിക്കണമെന്നാണ് പൊതുജന അഭിപ്രായം.

No comments