Breaking News

ക്ഷീര സഹകരണ സംഘങ്ങളിലൂടെ പച്ചക്കറി വിപണനം; ജില്ലയില്‍ കാര്‍ഷിക രംഗത്ത് പുതിയ കാല്‍വെപ്പ്



ജില്ലയിലെ കാര്‍ഷിക രംഗം ഇനി കൂടുതല്‍ ആദായകരമാകും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് സ്വന്തം ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാവുന്ന പുതിയ സംരംഭത്തിന് ജില്ലയില്‍ തുടക്കമായി. ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് കര്‍ഷകരും ഗുണഭോക്താക്കളും തമ്മിലുള്ള ഇടപാടിലേക്ക് മാറുകയാണ്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ഇനി അവര്‍ തന്നെ വില നിശ്ചയിക്കും. ചെറുകിട കര്‍ഷകരുടെ പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍,മുട്ട എന്നീ ഉത്പ്പന്നങ്ങള്‍ ലാഭകരമായി പ്രാദേശിക വിപണനം നടത്താന്‍ ക്ഷീര സഹകരണ സംഘങ്ങള്‍ വേദിയാകുന്നു. കാര്‍ഷീക ഉത്പന്നങ്ങള്‍ സ്വന്തമായി വില നിശ്ചയിച്ച് കര്‍ഷകര്‍ക്ക് സംഘത്തില്‍ പ്രദര്‍ശിപ്പിക്കാം. കുറഞ്ഞ അളവിലുള്ള ഉത്പന്നങ്ങളും വിപണനത്തിനായി ലഭ്യമാക്കാവുന്നതാണ്. ചന്തയില്‍ വിറ്റുപോകുന്ന ഉത്പന്നങ്ങളുടെ 90ശതമാനം വില കര്‍ക്ക് ലഭിക്കും. വിറ്റ് പോകാത്തവ നശിച്ച് പോകുന്നതിന് മുന്‍പ് കര്‍ഷകര്‍ തിരിച്ച് കൊണ്ടുപോകണം. സംഘത്തില്‍ പ്രാദേശിക കര്‍ഷകരുടെ ഉത്പന്നങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.


ക്ഷീര സഹകരണ സംഘങ്ങളിലൂടെ പച്ചക്കറി വിപണനം നടത്തുന്ന കാര്‍ഷിക രംഗത്തെ ജില്ലയുടെ പുതിയ ചുവടുവെപ്പിന് ഓലാട്ട് ക്ഷീരോതപാദക സഹകരണ സംഘത്തില്‍ തുടക്കമായി. പരിപാടി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബു ഉദ്ഘാടനം ചെയ്തു. നാടന്‍ വിഭവങ്ങളായ ഇലക്കറികളുടേയും പപ്പായ, വഴുതന, പച്ചക്കായ, താളിന്‍ തണ്ട്, കാന്താരി തുടങ്ങിയ പച്ചക്കറികളുടേയും മുട്ട, നാശികേരം തുടങ്ങിയവയുടേയും ആദ്യ വിപണനം ഉദ്ഘാടന വേദിക്കരികില്‍ സജ്ജീകരിച്ച സ്റ്റാളില്‍ നടന്നു. പദ്ധതി കൂടുതല്‍ ക്ഷീരോത്പാദക സഹകരണ സംഘങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കളക്ടര്‍ ഡോ. ഡി സജിത്ബാബു പറഞ്ഞു.

No comments