Breaking News

ചായ്യോം നരിമാളത്തെ 66കാരനായ ബാലേട്ടൻ തനിക്കൊരിക്കലും വൈദ്യുതി കണക്ഷൻ വേണ്ടെന്ന ദൃഢപ്രതിജ്ജയെടുത്തതിന് പിന്നിൽ ഒരു സംഭവമുണ്ട്..


അഞ്ച് മിനിട്ട് കരണ്ട് പോയാൽ അസ്വസ്ഥരാവുന്നവരാണ് നമ്മളെല്ലാം. വൈദ്യുതി ഇല്ലാത്ത ഒരു ജീവിതത്തെപ്പറ്റി നമുക്ക് ആലോചിക്കാൻ പോലും കഴിയില്ല.എന്നാൽ വർഷങ്ങളായി വൈദ്യുതി വേണ്ടെന്ന് വച്ച് ജീവിക്കുന്ന ഒരാൾ നമ്മുടെ നാട്ടിലുണ്ട്.

കിനാനൂർ കരിന്തളം നരിമാളത്തെ അറുപത്തിയാറ് കാരനായ ബാലകൃഷ്ണനാണ് വർഷങ്ങളായി വീട്ടിൽ വൈദ്യുതി കണക്ഷൻ വേണ്ടെന്ന് വച്ച് ജീവിക്കുന്നത്. ആ തീരുമാനത്തിന് പിന്നിൽ ഒരു സംഭവമുണ്ട്..

വർഷങ്ങൾക്ക് മുമ്പ് പ്രദേശത്ത് വൈദ്യുതി എത്തിയ കാലത്ത് ബാലേട്ടനും ആഗ്രഹിച്ചിരുന്നു വീട്ടിൽ കരണ്ട് കണക്ഷൻ എടുക്കാമെന്ന്, അതിനുള്ള ശ്രമവും തുടങ്ങി. എന്നാൽ ഇദ്ദേഹത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ചില സാങ്കേതിക തടസ്സങ്ങൾ നേരിടേണ്ടി വന്നതോടെ 'ഇനിയൊരിക്കലും തൻ്റെ വീട്ടിൽ വൈദ്യുതി വേണ്ടെന്ന' തീരുമാനത്തിൽ എത്തുകയായിരുന്നു ബാലേട്ടൻ.

ഇന്നിപ്പോൾ ആരെങ്കിലും "കരണ്ടില്ലാതെ വലിയ ബുദ്ധിമുട്ടല്ലേ?" എന്ന ചോദ്യത്തിന് ബാലേട്ടൻ്റെ മറുപടി ഇതാണ്..

" എനക്ക് നിങ്ങളെ കരണ്ടൊന്നും വേണ്ട.. എൻ്റെ ചിമ്മിണിക്കൂടോളം ഒക്കൂല അതൊന്നും.. കരണ്ട് ബെരും പോവും പക്ഷേ ഈ ചിമ്മിണിക്കൂട് കെടണോങ്കില് ഞാൻ വിചാരിക്കണം അതാന്ന് ഗ്യാരണ്ടി.."

പലരും പലവട്ടം വൈദ്യുതി കണക്ഷൻ എടുക്കാൻ വേണ്ടി നിർബന്ധിച്ചു നോക്കി,അധികൃതരും നേരിട്ടെത്തി.. പക്ഷെ പാറപോലെ ഉറച്ച തീരുമാനത്തിൽ നിന്നും ബാലേട്ടൻ പിന്നോട്ടില്ല. എന്നെങ്കിലും തനിക്ക് കരണ്ട് വേണമെന്ന് തോന്നിയാൽ അന്ന് അറിയിക്കാം എന്ന മറുപടി മാത്രം.

അറുപത്തി ആറാം വയസ്സിലും ആരോഗ്യ ദൃഢഗാത്രനാണ് ബാലേട്ടൻ. മണ്ണിലിറങ്ങിയുള്ള അധ്വാനമാണ് ഈ 'ചെറുപ്പത്തിന്' പിന്നിൽ. വിഷം തീണ്ടാത്ത പച്ചക്കറികൾ സകലതും ബാലേട്ടൻ്റെ മണ്ണിൽ വിളഞ്ഞ് നിൽക്കുന്നതിന് പിന്നിൽ ഈ ഉറച്ച ശരീരവും മനസും തന്നെയാണ്.

No comments