Breaking News

ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ലൈബ്രറിയാകാൻ ഒരുങ്ങി ചിറ്റാരിക്കാൽ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി


ചിറ്റാരിക്കാൽ: കാസർകോട് ജില്ലയിൽ ആദ്യമായാണ്‌ ഒരു ഗ്രാമീണ ലൈബ്രറിയുടെ സേവനങ്ങൾ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുകുടക്കീഴിലാക്കുന്നത്‌.

ലൈബ്രറിയിലെ പുസ്‌തകങ്ങളുടെ തെരഞ്ഞെടുപ്പും വിതരണവും അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടെ ഓൺലൈനാകുമെന്നതാണ്‌ പദ്ധതിയുടെ പ്രധാന സവിശേഷത. ഗ്രന്ഥശാലയിലെ 5000 ലേറെ പുസ്‌തകങ്ങളുടെ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ അറിയാനാവും.

ലൈബ്രറിയിൽ എത്തുന്ന വായനക്കാരന്‌‌ ഒരു മൗസ്‌ ക്ലിക്കിലൂടെ പുസ്‌തകം വിതരണം ചെയ്യാനും മടക്കാനുമാവും. പുസ്‌തകത്തിന്റെ പേര്‌, ഗ്രന്ഥകാരൻ, പ്രസാധകൻ തുടങ്ങി അനേകം ഓപ്‌ഷനുകളിലൂടെ പുസ്‌തകം തെരയാം. ആഗ്രഹിക്കുന്ന പുസ്‌തകം ഈ വായനാശ ലയിൽ ലഭ്യമാകുമോയെന്ന വിവരം ലോകത്തിന്റെ ഏതൊരു കോണിലെയും വായനക്കാരന്‌ ഓൺലൈനായി കണ്ടെത്താം. ഗ്രാമീണ ഗ്രന്ഥശാലകളെ പരസ്‌പരം ബന്ധിപ്പിക്കാനാവും എന്നതാണ്‌ ഈ സാങ്കേതിക വിദ്യയുടെ പ്രധാന പ്രയോജനം.

കേരള സ്‌റ്റാർട്ടപ്‌ മിഷനിൽ കോഴിക്കോട്‌ യുഎൽ സൈബർ പാർക്കിൽ പ്രവർത്തിക്കുന്ന ‘ഇൻവോ തിങ്ക്’ എന്ന സ്ഥാപനത്തിലെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന്‌ വികസിപ്പിച്ച ലിബ്‌‌കാറ്റ്‌ എന്ന ഓപ്പൺസോഴ്‌സ്‌ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാണ്‌ സംരംഭം.

എം. രാജഗോപാലൻ എംഎൽഎയുടെ പ്രാദേശിക വികസനനിധിയിൽനിന്ന്‌ ലഭ്യമാക്കിയ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ്‌ പദ്ധതിക്ക്‌ പിൻബലമായത്‌.

വായനശാലയിലെ യുവാക്കളുടെ കൂട്ടായ്മ ആഴ്ചകളോളം അധ്വാനിച്ചാണ്‌ ഗ്രന്ഥാലയത്തിലെ പുസ്‌തകങ്ങൾ, മെമ്പർമാർ എന്നിവയുടെ ഡാറ്റാ എൻട്രി പൂർത്തിയാക്കി വരുന്നത്.

പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച എം.രാജഗോപാലൻ എംഎൽഎ നിർവ്വഹിക്കുമെന്ന് ഗ്രന്ഥശാലാ ഭാരവാഹികൾ അറിയിച്ചു

No comments