Breaking News

ലോകത്ത് ആദ്യം: കോവിഡ് പരിശോധനയ്ക്ക് പേപ്പര്‍ സ്ട്രിപ് കിറ്റുമായി ഇന്ത്യന്‍ ഗവേഷകര്‍


ന്യൂഡൽഹി: ഇന്ത്യൻ ഗവേഷകർ വികസിപ്പിച്ച പേപ്പർ സ്ട്രിപ്പ് കോവിഡ് ടെസ്റ്റിങ് കിറ്റ് വിപ്ളവം സൃഷ്ടിക്കാനൊരുങ്ങുന്നു. ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ ടാറ്റയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷകരാണ് ഈ കിറ്റ് വികസിപ്പിച്ചത്. ഏകദേശം 500 രൂപ മാത്രം ചെലവ് വരുന്ന പേപ്പർ സ്ട്രിപ്പിന് ഫെലുദ എന്നാണ് പേരിട്ടിരിക്കുന്നത്.ജീൻ എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന ക്രിസ്പർ ടെക്നോളജി അടിസ്ഥാനമാക്കിയാണ് ഈ കിറ്റ് വികസിപ്പിച്ചത്. ഡൽഹി ആസ്ഥാനമായ സിഎസ്ഐആർ- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് കിറ്റിന് പിന്നിൽ.

സ്വകാര്യ ലാബുകളിൽ അടക്കം 2,000 ആളുകളിൽ ഈ സ്ട്രിപ്പ് ഉപയോഗിച്ച് പരിശോധന നടത്തി. കൂട്ടത്തിൽ നേരത്തെ തന്നെ കോവിഡ് പോസിറ്റീവായ ആളും ഉൾപ്പെട്ടിരുന്നു. ഈ പരീക്ഷണത്തിൽ ഫെലുദ കിറ്റ് 98 ശതമാനത്തോളം കൃത്യത പുലർത്തുന്നുവെന്നും 96 ശതമാനത്തോളം സംവേദനക്ഷമതയും പുലർത്തുന്നുവെന്നും തെളിഞ്ഞുവെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.പരീക്ഷണത്തിൽ കോവിഡ് ബാധയുള്ള മിക്കവരെയും ഇതിലൂടെ തിരിച്ചറിയാൻ സാധിച്ചുവെന്നും ഇവർ പറയുന്നു. തെറ്റായ റിസൾട്ടുകൾ ഈ കിറ്റിൽ അധികം ഉണ്ടാകില്ല. ലളിതവും കൃത്യവുമായ റിസൾട്ട് ലഭിക്കുമെന്നും കേന്ദ്രസർക്കാരിന്റെ ശാസ്ത്ര ഉപദേശകൻ പ്രൊഫ. കെ. വിജയ് രാഘവൻ പറഞ്ഞു.

ലോകത്തിലെ ആദ്യത്തെ പേപ്പർ സ്ട്രിപ്പ് ഉപയോഗിക്കുന്ന കോവിഡ് ടെസ്റ്റിങ് കിറ്റാണ് ഗവേഷകർ വികസിപ്പിച്ചത്. ഇതിന് വിപണിയിലിറക്കാനുള്ള അംഗീകാരം ലഭിച്ചുവെന്നാണ് വിവരം.

No comments