ചുമടെടുക്കുന്നവർക്ക് ആശ്വാസം; ചുമട്ടു തൊഴിലാളികൾക്ക് എടുക്കാവുന്ന പരമാവധി ഭാരം 55 കിലോയാക്കി കുറച്ചു
ചുമട്ടു തൊഴിലാളികൾക്ക് എടുക്കാവുന്ന ചുമടിന്റെ പരമാവധി ഭാരം 55 കിലോയാക്കി കുറച്ചു. നേരത്തെ ഇത് 75 കിലോയായിരുന്നു. ഇത് സംബന്ധിച്ച് ഓർഡിനൻസിന് മന്ത്രിസഭ അനുമതി നൽകി.
സ്ത്രീകൾ, കൗമാരക്കാർ എന്നിവർ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 35 കിലോയായി നിജപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് 1978ലെ കേരള ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
127 -ാം അന്താരാഷ്ട്ര തൊഴിൽ സമ്മേളനം അംഗീകരിച്ച ശിപാർശ കണക്കിലെടുത്താണു തീരുമാനം. കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിലെ വിരമിച്ചവരും തുടർന്ന് വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാർക്ക് മുൻകാല പ്രാബല്യത്തോടു കൂടി റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് 1978 ലെ കേരള ചുമട്ടുതൊഴിലാളി നിയമത്തിലെ 43-ാം വകുപ്പ് ഭേദഗതി ചെയ്യും. ഇതിനായി 2020-ലെ കേരള ചുമട്ടുതൊഴിലാളി ഓർഡിനൻസ് പുറപ്പെടുവിക്കും.

No comments