ഇന്റർനെറ്റ് രംഗത്ത് പുതു വിപ്ലവം തീർക്കാൻ ഉടനെത്തും കെ ഫോൺ
കുറഞ്ഞ ചെലവിൽ നാട്ടുമ്പുറത്തും അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിയുടെ പ്രവൃത്തി പുരോഗമിക്കുന്നു. ഡിസംബറിൽ പദ്ധതി പൂർത്തിയാകുമെന്നാണ് കരുതപെടുന്നത്. സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സബ്‌സിഡി നിരക്കിലും ഇന്റർനെറ്റ് ലഭിക്കുന്ന പദ്ധതിയാണ് കേരള ഫൈബർ ഒപ്‌റ്റിക് നെറ്റ്‌വർക്ക്. കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രെക്ച്ചർ ലിമിറ്റഡും കെഎസ്‌ഇബിയും യോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വൈദ്യുതി തൂണുകളിൽ കേബിൾ വലിക്കുന്ന ജോലി അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
മുഴുവൻ സർക്കാർ ഓഫീസുകളിലും കെഫോൺ കണക്ടിവിറ്റി ഉണ്ടാകും. വിദ്യാലയങ്ങൾ, ആതുരാലയങ്ങൾ എന്നിവിടങ്ങളിലും കണക്ഷൻ നൽകും. ഓഫീസുകളിലും കേബിൾ ശൃംഖല ഒരുക്കുകയാണിപ്പോൾ. ഇന്റർനെറ്റ് പൗരന്റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചാണ് സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതി ആവിഷ്‌ക്കരിച്ചത്. എല്ലാവർക്കും താങ്ങാവുന്ന നിരക്കിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്താകെ 52,000 കിലോമീറ്റർ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖലയാണ് ഒരുക്കുന്നത്. ഇത് എല്ലാ സ്വകാര്യ കമ്പനികളെക്കാളും വലുതാണ്. സെക്കൻഡിൽ 10 എംബി മുതൽ ഒരു ജിബിവരെ വേഗതയുണ്ടാകും. വിദൂരപ്രദേശങ്ങളിൽപോലും കെ ഫോണിന്റെ ഒപ്‌റ്റിക്കൽ ഫൈബർ കേബിളെത്തും. പദ്ധതി യാഥാർഥ്യമാകുന്നതോടെ സ്വകാര്യ ഡാറ്റാ കമ്പനികൾക്ക് വെല്ലുവിളിയാകും.
malayoram flash
No comments