രണ്ട് ഡോക്ടർമാരുമായി കാസർഗോഡ് ടാറ്റ കോവിഡ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു; 5 രോഗികളെ പ്രവേശിപ്പിച്ചു
കാസർഗോഡ് : കാഞ്ഞങ്ങാട‌് തെക്കിലിൽ ബുധനാഴ‌്ച പ്രവർത്തനമാരംഭിച്ച ടാറ്റ കോവിഡ‌് ആശുപത്രിയിൽ അഞ്ച് രോഗികളെ പ്രവേശിപ്പിച്ചു. മൂന്നാഴ‌്ചകൊണ്ട‌് സി കാറ്റഗറിയിലുള്ള തീവ്രപരിചരണം ആവശ്യമുള്ള രോഗികളെ ചികിത്സിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന‌് ജില്ലാമെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ‌് അറിയിച്ചു. ഇപ്പോൾ ബി കാറ്റഗറിയിൽപെട്ട രോഗ ലക്ഷണമുള്ള രോഗികളെയാണ‌് പ്രവേശിപ്പിച്ചത‌്. നൂറ് പേരെ കിടത്തിചികിത്സിക്കാനുള്ള സംവിധാനമാണ‌് ഒരുക്കിയിട്ടുള്ളത‌്. അമ്പതുപേർക്കാവശ്യമായ എല്ലാ ചികിത്സാ സംവിധാനങ്ങളും ഇപ്പോഴുണ്ട‌്. രണ്ട‌് ഡോക്ടർമാരെയും 12 സ‌്റ്റാഫ‌് നേഴ‌്സുമാരെയും എട്ട‌് ശുചീകരണത്തൊഴിലാളികളെയും ഒരു ഫാർമസിസ‌്റ്റിനെയും ഒരു ലാബ‌് ടെക‌്നീഷ്യനെയും നിയമിച്ചിട്ടുണ്ട‌്. ഇതിനു പുറമെ കാസർകോട‌് ജനറൽ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. കുഞ്ഞിരാമൻ നോഡൽ ഓഫീസറുടെ ചുമതലയിലുണ്ട‌്. ജനറൽ ആശുപത്രി സൂപ്രണ്ട‌് ഡോ. രാജാറാമിനാണ‌് ആശുപത്രിയുടെ ചുമതല.
No comments