Breaking News

5 തേൻകൂട്, കൈതച്ചക്ക; കരടി കുടുങ്ങി; ആരെയും ഉപദ്രവിക്കാതെ നാടുകണ്ട് മടക്കം


 ഭീതി വിതച്ച കരടിയെ കെണിയിൽ വീഴ്ത്തി അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നു വിട്ടു. ചാത്തന്നൂർ, കല്ലുവാതുക്കൽ, നാവായിക്കുളം, കല്ലമ്പലം മേഖലയിൽ‌ മൂന്നാഴ്ചയായി ഭീതി പരത്തിയ കരടി വെള്ളിയാഴ്ച പുലർച്ചെയാണു കെണിയിൽ കുടുങ്ങിയത്. ജില്ലാ അതിർത്തിയിൽനിന്ന് 3 കിലോമീറ്റർ അകലെ, നാവായിക്കുളം പഞ്ചായത്തിലെ പലവക്കോട് കെട്ടിടം മുക്കിൽ റബർ തോട്ടത്തിൽ ഒരുക്കിയ കെണിയിലാണ് അകപ്പെട്ടത്. എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള പെൺകരടിയാണിത്. റബർതോട്ടത്തിലെ തേൻ കൂടുകൾ രാത്രി പൊളിച്ചു തേൻ കവരുന്നതു പതിവായതോടെയാണു വ്യാഴാഴ്ച വൈകിട്ടു കെണി ഒരുക്കിയത്.

നേരത്തെ ചാത്തന്നൂർ സ്പിന്നിങ് മിൽ വളപ്പിൽ സ്ഥാപിച്ചിരുന്ന കൂട് പലവക്കോട് എത്തിക്കുകയായിരുന്നു. കെണിയിൽ തേനീച്ചകൾ ഉള്ള 5 കൂടുകൾ വച്ചു. ഇതിൽ കൂടുതൽ തേൻ നിറച്ചു. ഇതിനു പുറമേ കൈതച്ചക്കയും വച്ചു. പുറത്തെ കൂടുകളിൽ നിന്നു തേൻ കുടിച്ച ശേഷം മടങ്ങാതിരിക്കാൻ റബർതോട്ടത്തിലെ മറ്റു കൂടുകൾ എടുത്തു മാറ്റി. വെള്ളി പുലർച്ചെ മൂന്നോടെ കരടി അകപ്പെട്ടു.

പുലർച്ചെ ഫോറസ്റ്റ് വാച്ചർമാർ എത്തിയ ശേഷം ഉന്നത അധികൃതരെ അറിയിച്ചു. റേഞ്ച് ഓഫിസർ ബി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം എത്തി പാലോട് വനം ഓഫിസിൽ എത്തിച്ചു. ഡോ.ആശയുടെ നേതൃത്വത്തിൽ കരടിയുടെ ആരോഗ്യനില പരിശോധിച്ചു. കരടി അകപ്പെട്ടത് അറിഞ്ഞു നൂറുക്കണക്കിന് ആൾക്കാർ പ്രദേശത്തു തടിച്ചു കൂടിയിരുന്നു.

No comments