മൂന്നു വയസുള്ള മകനൊപ്പം അഷ്ടമുടിക്കായലിൽ ചാടിയ യുവതി മരിച്ചു
കൊല്ലം കുണ്ടറയിൽ മൂന്നു വയസുള്ള മകനൊപ്പം അഷ്ടമുടിക്കായലിൽ ചാടിയ യുവതി മരിച്ചു. കുഞ്ഞിനു വേണ്ടി തിരച്ചിൽ തുടരുന്നു. കുണ്ടറ വെള്ളിമൺ സ്വദേശിനി രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വെള്ളിമൺ തോട്ടുംകര സ്വദേശി യശോധരൻ പിള്ളയുടെ മകൾ രാഖിയാണ് മൂന്നു വയസ്സുള്ള മകൻ ആദിയുമായി അഷ്ടമുടിക്കായലിൽ ചാടിയത്. ഇന്നലെ രാത്രി മുതൽ ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് കുണ്ടറ പൊലീസ് ആളെ കാണാതായതിന് കേസെടുത്തു. ഇന്ന് രാവിലെ അഷ്ടമുടിക്കായലിൽ രാഖിയുടെ മൃതദേഹം കണ്ടെത്തി. ആദിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. രാഖിക്ക് 23 വയസ്സാണ്. മകൻ ആദിക്ക് മൂന്നും.
ഭർത്താവ് ഷിജുവുമായുള്ള ദാമ്പത്യ പ്രശ്‌നം ആത്മഹത്യയിലേക്ക് വഴിവച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ബസിൽ കണ്ടക്ടറായ ഷിജു സ്ഥിരം മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. കായലിൽ ചാടിയ ഭാഗത്തുനിന്ന് യുവതിയുടെയും കുട്ടിയുടെയും ചെരുപ്പുകൾ കണ്ടെത്തി. തുടർന്നാണ് പോലീസിന്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയത്. രാഖിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
No comments