Breaking News

ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് ; എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ വീട്ടിലേക്ക് നിക്ഷേപകര്‍ മാര്‍ച്ച് നടത്തി




ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാര്‍ പ്രത്യക്ഷ സമരവുമായി രംഗത്ത്. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച ജ്വല്ലറി ചെയര്‍മാന്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ ഉപ്പളയിലെ വീട്ടിലേക്ക് നിക്ഷേപകര്‍ മാര്‍ച്ച് നടത്തി. ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് നിക്ഷേപകര്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. ഉപ്പള നയാബസാറിലെ എംഎല്‍എയുടെ വീട്ടിലേക്ക് പരാതിക്കാര്‍ മാര്‍ച്ച് നടത്തി. കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാല്‍ പ്രതികളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയാറാകാത്തതില്‍ ആശങ്കയുണ്ടെന്നും പരാതിക്കാര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങളുടെ വീട്ടിലേക്കും നിക്ഷേപകര്‍ മാര്‍ച്ച് നടത്തിയിരുന്നു. അതേസമയം, കേസില്‍ വഞ്ചനാകുറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ കോടതി പരിഗണിക്കും.സിവില്‍ കേസായി പരിഗണിക്കേണ്ട കേസുകള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് എം.സി. കമറുദ്ദീന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ജ്വല്ലറി ചെയര്‍മാന്‍ കമറുദ്ദീന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

No comments