നെഹ്റു കോളേജിൻ്റെ മേൽക്കൂര ഇനി കരണ്ട് തരും
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്രു കോളേജിന്റെ ടെറസിൽ പ്രതിദിനം 400 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നു. കെ.എസ്.ഇ.ബിയും കോളേജ് മാനേജ്‌മെന്റും ഇതുസംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കെട്ടിടങ്ങളുടെ ടെറസ്സിനുമുകളിൽ കെ.എസ്.ഇ.ബി. സ്ഥാപിക്കുന്ന സോളാർ പ്ലാന്റ് സംരഭമായ ‘സൗര’ യിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.
നൂറ് കിലോവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റാണ് സ്ഥാപിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പണിതുടങ്ങി ഡിസംബറിൽ കമ്മിഷൻ ചെയ്യാനാണ് തീരുമാനം.
60 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. മുഴുവൻ തുകയും കെ.എസ്.ഇ.ബി. വഹിക്കും. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കെ.എസ്.ഇ.ബി.യുടെ പവർഗ്രിഡിലേക്ക് മാറ്റും. ഒരുദിവസം ലഭ്യമാകുന്ന 400 യൂണിറ്റിൽ പത്തു ശതമാനം നെഹ്രുകോളേജിന് സൗജന്യമായി നൽകും. ബാക്കി 360 യൂണിറ്റ് ജില്ലയുടെ വൈദ്യുതി വിതരണത്തിലേക്ക് മാറ്റും. 25 വർഷമാണ് കരാർ. ഇതിന്റെ പാതിവർഷംകൊണ്ട് ഉത്പാദനത്തിനായി വിനോയിഗിച്ച പണം തിരിച്ചുകിട്ടുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ കണക്കുകൾസഹിതം വ്യക്തമാക്കുന്നു. പ്രതിദിനം 400 യൂണിറ്റ് വൈദ്യുതി കിട്ടും.

No comments